ന്യൂദല്‍ഹി- സംസ്ഥാനങ്ങളുടെ സാംസ്‌കാരിക, ഭാഷാ വൈവിധ്യങ്ങളുടെ പ്രധാന പ്രദര്‍ശന വേദിയായ റിപബ്ലിക് ദിന പരേഡില്‍ ഇത്തവണ രാജ്യത്തെ പകുതി സംസ്ഥാനങ്ങളുടെ പോലും നിശ്ചദൃശ്യങ്ങളുണ്ടാവില്ല. 29 സംസ്ഥാനങ്ങള്‍ അവരുടെ നിശ്ചലദൃശ്യ മാതൃകകളുമായി അപേക്ഷിച്ചെങ്കിലും 12 സംസ്ഥാനങ്ങളുടേതിന് മാത്രമാണ് പരേഡില്‍ പങ്കെടുക്കാന്‍ അന്തിമ അനുമതി നല്‍കിയത്. ഇതോടൊപ്പം വിവിധ മന്ത്രാലയങ്ങളേയും സര്‍ക്കാര്‍ വകുപ്പുകളേയും പ്രതിനിധീകരിച്ച് ഒമ്പത് നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയടക്കം ആകെ 21 നിശ്ചല ദൃശ്യങ്ങളാകും ഇത്തവണ പരേഡിന് ഉണ്ടാകുക.
'പല സംസ്ഥാനങ്ങളും പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥലപരിമിതിയും സമയമില്ലായ്മയുമാണ് കാരണം. 29 സംസ്ഥാനങ്ങളുടെ അപേക്ഷകള്‍ ലഭിച്ചിരുന്നു. 12 സംസ്ഥാനങ്ങളെ മാത്രമെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞുള്ളൂ. മറ്റൊരു കാരണവുമില്ല,' പ്രതിരോധ വകുപ്പ് പിആര്‍ഒ നംപിബു മരിന്‍മയി പറഞ്ഞു.
നിശ്ചല ദൃശ്യങ്ങള്‍ക്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധം അറിയിച്ച് കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. തഴയപ്പെട്ട മറ്റു സംസ്ഥാനങ്ങളും പ്രതിഷേധിച്ചിരുന്നു.