അഹമദാബാദ്- കാനഡയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ വിജനമായ അതിര്‍ത്തി പ്രദേശത്ത് കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ് മരിച്ച നാലംഗ ഇന്ത്യന്‍ കുടുംബം ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ കലോലിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് സൂചന. ഈ വിവരം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മരിച്ചവരില്‍ ഒരു പിഞ്ചു കുഞ്ഞും ഇവരില്‍ ഉള്‍പ്പെടും. ഗുജറാത്തിലെ ഗ്രാമത്തില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ സംഘത്തിലുള്ളവരാണ് ഈ കുടുംബവുമെന്നാണ് റിപോര്‍ട്ട്.
ഈ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നവരെന്ന് കരുതപ്പെടുന്ന ഏഴു പേരെ യുഎസ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരും സംസാരിക്കുന്നത് ഗുജറാത്തി ഭാഷയാണെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിലെ സ്‌പെഷ്യല്‍ ഏജന്റ് ജോണ്‍ ഡി സ്റ്റാന്‍ലി മിനസോട്ട കോടതില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
മരിച്ച ഇന്ത്യന്‍ കുടുംബത്തിന്റെ പേരുവിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിന് ഒരാഴ്ച സമയമെടുക്കുമെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു. ഇവരെ ഇവിടെ എത്തിച്ച മനുഷ്യക്കടത്ത് റാക്കറ്റിനെ കുറിച്ച് കാനഡ, യുഎസ് അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്.