Sorry, you need to enable JavaScript to visit this website.

മുസ്ലിമായതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട വനിതാ എംപിയോട് പരാതിപ്പെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി

ലണ്ടന്‍- തന്റെ മുസ്ലിം സ്വത്വം സഹപ്രവര്‍ത്തകര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയതിന്റെ പേരിലാണ് മന്ത്രി പദവിയില്‍ തന്നെ ഒഴിവാക്കിയതെന്ന് ബ്രിട്ടിനിലെ ആദ്യ മുസ്ലിം വനിതാ മന്ത്രിയായിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി നുസ്‌റത് ഗനി വെളിപ്പെടുത്തിയതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ്. ഈ ആരോപണം പൂര്‍ണമായും തെറ്റാണെന്നും അപകീര്‍ത്തി പരമാണെന്നും സര്‍ക്കാരിന്റെ ചീഫ് വിപ്പ് മാര്‍ക്ക് സ്‌പെന്‍സര്‍ പ്രതികരിച്ചെങ്കിലും നുസ്‌റതിന്റെ വാദങ്ങളെ ശരിവെക്കുന്ന തരത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. 

മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ ഇസ്ലാമോഫോബിയയുടെ പേരില്‍ വിവേചനം നേരിട്ടതിന് പരാതി നല്‍കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നുസ്‌റതിനെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഈ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ഔദ്യോഗികമായി വിവേചനത്തിനെതിരെ പരാതി നടപടികള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് നുസ്‌റതിന് കത്തെഴുതുകയും ചെയ്തിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒരു തരത്തിലുള്ള വിവേചനവും മുന്‍വിധിയും അംഗീകരിക്കില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

ഗതാഗത സഹമന്ത്രിയായിരുന്ന ഇവരെ 2020 ഫെബ്രുവരിയിലാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്. സണ്‍ഡേ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് നുസ്‌റത് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. പാര്‍ലമെന്റ് അച്ചടക്കം അനുസരിച്ച് എംപിമാര്‍ നിര്‍ബന്ധമായും അംഗീകരിക്കേണ്ട വിപ്പ് നല്‍കിയാണ് തന്നോട് മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നും ഈ വിപ്പിലാണ് തന്റെ മുസ്ലിം സ്വത്വം സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് കാരണമായി കാണിച്ചതെന്നും നുസ്‌റത് ഗനി പറഞ്ഞു.
 

Latest News