പനാജി- ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഒരു പ്രതിജ്ഞ എടുത്തിരിക്കുകയാണ്. 2019ല്‍ സംഭവിച്ചതുപോലുള്ള കൂറുമാറ്റങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതിജ്ഞ. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന എതിരാളികളുടെ പ്രചാരണത്തിനുള്ള മറുപടിയായാണ് സ്ഥാനാര്‍ഥികള്‍ ആരാധനാലയങ്ങളില്‍ പോയി പ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസിന്റെ 36 സ്ഥാനാര്‍ഥികളാണ് ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പള്ളിയിലും മുസ്‌ലിം പള്ളിയിലുമായി തങ്ങളുടെ പാര്‍ട്ടിയോട് കൂറു പുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്തത്. പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും കൊങ്കണിയിലെ ബാംബോലിം ക്രോസിലെയും ബെറ്റിമിലെ ഹംസ ഷാ ദര്‍ഗയിലെയും പ്രതിജ്ഞയ്ക്ക് ശേഷമുള്ള ചിത്രങ്ങള്‍ ഗോവ കോണ്‍ഗ്രസ് എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അടുത്ത അഞ്ച് വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സ്ഥാനാര്‍ഥികള്‍ ആവര്‍ത്തിച്ചു. അതേസമയം, കൂറുമാറ്റത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ഗോവയിലെ രാഷ്ട്രീയ നേതൃത്വം തെരഞ്ഞെടുപ്പ് അടുത്തപ്പോഴും പതിവ തെറ്റിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.