ലഖ്‌നൗ- പത്തു ദിവസം മുമ്പ് കോണ്‍ഗ്രസ് യുപിയിലെ ബറേലി കാന്റ് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സുപ്രിയ ആരോണ്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ് പി ഇവരെ ഇതേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മുന്‍ ബറേലി മേയറായ സുപ്രിയ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് എംപിയുമായ പ്രവീണ്‍ സിങ് ആരോണിനൊപ്പമാണ് എസ് പിയില്‍ ചേര്‍ന്നത്. ബറേലി കാന്റ് മണ്ഡലത്തിലെ എസ് പി സ്ഥാനാര്‍ത്ഥിയായി സുപ്രിയയെ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് പ്രഖ്യാപിച്ചത്. നേരത്തെ ഇവിടെ സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ച രാജേഷ് അഗര്‍വാളിനെ മാറ്റിയാണ് സുപ്രിയയ്ക്ക് ഇടം നല്‍കിയത്.
ജനുവരി 13ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിലെ 50 വനിതകളില്‍ ഒരാളാണ് സുപ്രിയ. 2012ല്‍ ബറേലി കാന്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റിരുന്നു ഇവര്‍. ഈയിടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പെണ്‍കുട്ടികളുടെ മാരണത്തണില്‍ ആള്‍ത്തിരക്കുണ്ടാകുകയും ഏതാനും പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കാനിടവരികയും ചെയ്തത സംഭവത്തെ ന്യായീകരിച്ച് തീര്‍ത്ഥാടനത്തിലെ തിരിക്കിനോട് ഉപമിച്ച് നടത്തിയ ഇവരുടെ പ്രസ്താവന വിവാദമായിരുന്നു.