കൈരാന- സമാജ്‌വാദി പാര്‍ട്ടി ഭരണത്തില്‍ നാടുവിടാന്‍ നിര്‍ബന്ധിതരായെന്നു പറയുന്ന ഹിന്ദു കുടുംബങ്ങളെ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
2017 ല്‍ നാടുവിട്ട ശേഷം പിന്നീട് തിരിച്ചെത്തിയ കുടുംബങ്ങളെയാണ് ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി അമിത് ഷാ കാണാനെത്തിയത്.
ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികളോടെയാണ് അമിത് ഷായും പാര്‍ട്ടി പ്രവര്‍ത്തകരും വീടുകളിലെത്തിയത്. താമര ചിഹ്നം രേഖപ്പെടുത്തിയ കാവി തൊപ്പികളും ധരിച്ചിരുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം യു.പിയില്‍ അമിത്ഷായുടെ ആദ്യരാഷ്ട്രീയ പരിപാടിയായിരുന്നു ഇത്.
2017 ലും ഭീഷണി കാരണം കൈരാനയിലെ ഹിന്ദുക്കള്‍ക്ക് നാടുവിടേണ്ടിവന്നുവെന്ന വിഷയം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയിരുന്നു. ഈയിടെ നടന്ന തെരഞ്ഞെടുപ്പ് റാലികളില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ വിഷയം ഉന്നയിച്ചു. യോഗി ആദിത്യനാഥ് അധികാരത്തില്‍വന്ന ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ഇത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ധ്രുവീകരണത്തിന് ഉപയോഗിച്ച വിഷയമാണ് കൈരാനയിലെ ഹിന്ദുക്കളുടെ നാടുവിടല്‍.