Sorry, you need to enable JavaScript to visit this website.

പ്രസാർ ഭാരതി വീണ്ടും മന്ത്രാലയത്തിനെതിരെ; സ്വകാര്യ കമ്പനിക്ക് രണ്ടു കോടി നൽകാനാവില്ലെന്ന്

ന്യൂദൽഹി- കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയവും അതിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ പ്രസാർ ഭാരതിയും തമ്മിലുള്ള ഉടക്ക് വീണ്ടും പുറത്ത്. 2017ലെ ഗോവ അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉൽഘാടന, സമാപന പരിപാടികൾ തത്സമയം കവർ ചെയ്ത ഇനത്തിൽ മുംബൈയിലെ ഒരു സ്വകാര്യ കമ്പനിക്ക് മൂന്നു കോടിയോളം രൂപ നൽകണമെന്ന മന്ത്രാലയത്തിന്റെ ആവശ്യം പ്രസാർ ഭാരതിക്കു കീഴിലുള്ള ദൂരദർശൻ നിരസിച്ചു. മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനാണ് (എൻ.എഫ്.ഡി.സി) 2.92 കോടി രൂപ സ്വകാര്യ കമ്പനിക്കു നൽകാൻ ദൂരദർശനോട് ആവശ്യപ്പെട്ടത്.  എന്നാൽ പരിപാടി തൽസമയം കവർ ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും തങ്ങൾക്കു സ്വന്തമായി ഉണ്ടെന്നും ഇത് നേരത്തെ ചെയ്തു കൊണ്ടിരുന്നതാണെന്നും അതുകൊണ്ട് തന്നെ ഇതിനായി പണം നൽകാനാവില്ലെന്നുമാണ് ആവശ്യം നിരസിച്ചു ദൂരദർശൻ വ്യക്തമാക്കിയത്. പണം ആവശ്യപ്പെട്ട് എൻഎഫ്്ഡിസി പലതവണ ദൂരദർശനെ സമീപിച്ചിരുന്നു. 

ചലചിത്രമേളയുടെ ഉൽഘാടന, സമാപന, മറ്റു സ്വീകരണ പരിപാടികൾ തത്സമയം കവർ ചെയ്യുന്നതിനുള്ള കരാർ മുംബൈയിലെ സോൾ പ്രൊഡക്ഷൻസ് എന്ന കമ്പനിക്കാണ് നൽകിയിരുന്നതെന്ന് എൻഎഫ്ഡിസി പറയുന്നു. എന്നാൽ എത്ര രൂപയുടെ കരാറാണ് ഇതെന്ന് വ്യക്തമാക്കിയില്ല. 2.92 കോടി രൂപയാണ് എൻഎഫ്ഡിസി ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. ഇതിൽ 2.25 കോടി തത്സമയ കവറേജിനാണ്. എൻഎഫ്ഡിസി ഫീസ് ആയി 22.5 ലക്ഷ രൂപയും 44.5 ലക്ഷം ചരക്കു സേവന നികുതി ആയുമാണ് കണക്കാക്കിയിരിക്കുന്നത്. 

2017 നവംബർ 20ന് ചലചിത്ര മേള തുടങ്ങുന്നതിന് ഒരാഴ്ച്ച മുമ്പ് തന്നെ എൻഎഫ്ഡിസി ഈ പണം ചോദിച്ചു തുടങ്ങിയിരുന്നതായി ഔദ്യോഗിക രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ദൂരദർശനിൽ നിന്നും പണം ആവശ്യപ്പെട്ടുള്ള എൻഎഫ്ഡിസിയുടെ കത്ത് നവംബർ 12നാണ് പ്രസാർഭാരതിക്ക് ആദ്യം ലഭിച്ചത്. പിന്നീട് ജനുവരി 18ന് വീണ്ടും കത്തെഴുതി. മന്ത്രാലയം അഡീഷണൽ ഡയറക്ടർ ഈ ആവശ്യം പ്രസാർ ഭാരതി ബോർഡ് യോഗം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഫെബ്രുവരി 15ന് ചേർന്ന യോഗത്തിൽ ഇതു ചർച്ച ചെയ്യുകയും പണം നൽകാനാവില്ലെന്ന് വ്യക്തമാക്കി ആവശ്യം തള്ളുകയും ചെയ്തു. തൽസമയ കവറേജിന് ആവശ്യമായ സംവിധാനങ്ങളും ജീവനക്കാരും ദൂരദർശന് സ്വന്തമായുണ്ട്. റിപ്ലബ്ലിക് ദിനം പോലുള്ള വലിയ പരിപാടികൾ തത്സമയം കവർ ചെയ്തിട്ടുമുണ്ട്. ഇത്ര ശേഷി ഉണ്ടായിരിക്കെ പുറത്ത് നിന്നൊരു ഏജൻസിക്ക് കരാർ നൽകി അവർക്കുള്ള പണം ദൂരദർശൻ നൽകണമെന്നു പറയുന്നത് ന്യായീകരിക്കാനാവില്ലെന്നായിരുന്നു ദൂർദർശൻ മേധാവികളുടെ നിലപാട്.
 

Latest News