Sorry, you need to enable JavaScript to visit this website.

ലുലു ഗ്രൂപ്പിന്റെ സമുദ്രോൽപന്ന കയറ്റുമതി കേന്ദ്രം ഏപ്രിലിൽ പ്രവർത്തനം തുടങ്ങും

കൊച്ചി- കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ സമുദ്രോൽപന്ന സംസ്‌കരണ കേന്ദ്രം വരുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽ മുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ലുലുവിന്റെ അത്യാധുനിക കേന്ദ്രം പ്രവർത്തന സജ്ജമായിക്കൊണ്ടിരിക്കുന്നത്. 
സമുദ്ര വിഭവങ്ങൾ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. മൂല്യവർധിത ഉൽപന്നങ്ങൾക്കായി മാത്രം പ്രത്യേക യൂനിറ്റും പുതിയ കേന്ദ്രത്തിലുണ്ട്. 
ഡെന്മാർക്കിൽ നിന്നുള്ള അത്യാധുനിക മെഷിനറികളും ഇതിനകം ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നേരിട്ടും അല്ലാതെയും 450 ലധികം ആളുകൾക്കാണ് പുതുതായി തൊഴിൽ ലഭ്യമാകുന്നത്. രണ്ട് യൂനിറ്റുകളിലുമായി മാസം 2000 ടൺ സമുദ്രോൽപന്നങ്ങൾ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 
ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളാണ് പ്രധാന വിപണി. 
കൂടാതെ യൂറോപ്പ്, യു.കെ. യു.എസ്, ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെന്നും ജനറൽ മാനേജർ അനിൽ ജലധരനും പ്രൊഡക്ഷൻ മാനേജർ രമേഷ് ബാഹുലേയനും പറഞ്ഞു.
ഏപ്രിൽ അവസാന വാരത്തോടെ കേന്ദ്രം പൂർണമായി പ്രവർത്തനക്ഷമമാകുമെന്നും അവർ അറിയിച്ചു.

Latest News