Sorry, you need to enable JavaScript to visit this website.

ആക്രമണം സി.പി.എമ്മും ആർ.എസ്.എസും കൈകോർത്ത് ആഘോഷിക്കുന്നു -യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് നേതാക്കളെ കാണാൻ ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ കണ്ണൂർ സബ് ജയിലിലെത്തിയപ്പോൾ.


കണ്ണൂർ- യൂത്ത് കോൺഗ്രസിനെതിരെയുള്ള ആക്രമണം സി.പി.എമ്മും ആർ.എസ്.എസും ഒരുപോലെ കൈകോർത്ത് ആഘോഷിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ആരോപിച്ചു. വർഗീയതയുടെ ടെലിപ്രോംപ്റ്ററും, ലൗഡ് സ്പീക്കറുമായി കേരളത്തിൽ സി.പി.എം മാറി. റിമാന്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ജയിലിൽ സന്ദർശിച്ചു. ഉച്ചയോടെയാണ് ഷാഫി പറമ്പിൽ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.രാഹുൽ, കെ.കമൽജിത്ത്, സന്ദീപ് പാണപ്പുഴ എന്നിവർ കണ്ണൂർ സബ് ജയിലിലെത്തിയത്. കേരളത്തിന്റെ ആഭ്യന്തര വകുപ്പ്, കൊടി സുനിയെ ഏൽപിക്കുന്നതാണ് ഇതിലും ഭേദമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ഉയർത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ സി.പി.എം ഗുണ്ടാ സംഘങ്ങൾ ആക്രമിക്കുന്നത് പിണറായിയുടെ പോലീസ് കൈയും കെട്ടി നോക്കി നിന്നു. ഒടുവിൽ മർദനത്തിനിരയായവരെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചു. മർദിച്ച ക്രിമിനലുകൾ പുറത്തും മർദനമേറ്റവർ ജയിലിനകത്തും എന്നതാണ് ആഭ്യന്തര വകുപ്പിന്റെ നീതി. ഇതിലും നല്ലത് ആഭ്യന്തര വകുപ്പ് കൊടി സുനിയെ ഏൽപിക്കുന്നതാണ് -ഷാഫി പറമ്പിൽ പറഞ്ഞു.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച, കെ.എസ്.ആർ.ടി.സി ബസിൽ നാലു പേരെ ജീവനോടെ ചുട്ടുകൊന്ന സി.പി.എം, യൂത്ത് കോൺഗ്രസിനെ സമരപരിധി പഠിപ്പിക്കാൻ വരേണ്ട. കെ-റെയിലിനെതിരെ സമരം നടത്താൻ സി.പി.എമ്മിന്റെ തിട്ടൂരം വാങ്ങണമെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല. ഇവിടെ ആരാണ് സമരങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്. 
ജനാധിപത്യ പരമായി പ്രതിഷേധിക്കുക മാത്രമാണ് യൂത്ത് കോൺഗ്രസ് ചെയ്തത്. അവിടെ ആരെയും ആക്രമിച്ചില്ല. പോലീസിനെ കൈയേറ്റം ചെയ്തില്ല. പൊതുമുതൽ നശിപ്പിച്ചില്ല. എന്നിട്ടും സമരം നടത്തിയവരെ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ജയിലിൽ അടച്ചു. സിൽവർ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾക്കെതിരെ ജനാധിപത്യ രീതിയിൽ സമരം നടത്തുന്നവരെ ഗുണ്ടകളെ ഇറക്കി നേരിടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെങ്കിൽ, ഈ വണ്ടി അധിക കാലം മുന്നോട്ടു പോകില്ല എന്നു മാത്രമേ ഇതേക്കുറിച്ച് പറയാനുള്ളൂ -ഷാഫി പറഞ്ഞു.     
വികസന വിരുദ്ധ ഇമേജ്, സിൽവർ ലൈൻ പദ്ധതിയിലൂടെ അപ്പാടെ മാറ്റിയെടുക്കാമെന്നാണ് സി.പി.എം കരുതുന്നതെങ്കിൽ കേരള ജനത ഇത് തല്ലിപ്പൊളിച്ചു കളയും എന്ന് മുന്നറിയിപ്പ് നൽകുകയാണ്. കെ.റെയിൽ പദ്ധതിയുടെ ബദൽ പദ്ധതി അടുത്ത ദിവസം കേരള ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാൻ, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ജില്ലാ സെക്രട്ടറി പ്രനിൽ മതുക്കോത്ത്, യഹിയ പള്ളിപ്പറമ്പ് എന്നിവരെയാണ് വ്യാഴാഴ്ച ടൗൺ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്. മേയർ ടി.ഒ.മോഹനൻ, മുസ്‌ലിം ലീഗ് നേതാവ് എം.പി.മുഹമ്മദലി എന്നിവരും ഇന്നലെ രാവിലെ ജയിലിലെത്തി യൂത്ത് കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചു. 

Latest News