Sorry, you need to enable JavaScript to visit this website.

യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്? തന്റേതല്ലാത്ത മറ്റൊരു മുഖം കാണാനുണ്ടോ എന്ന് പ്രിയങ്ക

ലഖ്‌നൗ- അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെത്തും? താനായിരിക്കുമെന്നാണ് പ്രിയങ്ക ഗാന്ധി നല്‍കുന്ന സൂചന. യുവജനങ്ങള്‍ക്കു കൂടുതല്‍ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച പ്രകടന പത്രിക പ്രകാശനം ചെയ്ത വേദിയിലാണ് പ്രിയങ്കയുടെ സര്‍പ്രൈസ്. ബിജെപിയെ യോഗി അദിത്യനാഥും സമാജ് വാദി പാര്‍ട്ടിയെ അഖിലേഷ് യാദവും നയിക്കുമ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്ന മുഖ്യമന്ത്രി മുഖം ആരാകുമെന്നായിരുന്നു ചോദ്യം. 'എന്റെ മുഖം എല്ലായിടത്തും കാണുന്നില്ലെ?' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്ന പ്രിയങ്ക ഈ തെരഞ്ഞെടുപ്പോടെ മത്സര രംഗത്തിറങ്ങുമെന്ന അഭ്യൂഹം ഇതോടെ ശക്തമായിരിക്കുകയാണ്. യുപിയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രിയങ്കയാണ്. ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് ആവര്‍ത്തി ചോദിച്ചപ്പോള്‍, തീരുമാനമായാല്‍ അറിയിക്കാമെന്നും പ്രിയങ്ക വ്യക്തമാക്കി. 

യോഗി അദിത്യനാഥിനും അഖിലേഷ് യാദവിനും ഇത് കന്നി നിയമസഭാ തെരഞ്ഞെടുപ്പ് മത്സരമാണ്. ഇക്കൂട്ടത്തിലേക്ക് മറ്റൊരു കന്നിക്കാരിയായി പ്രിയങ്കയും വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. 403 അംഗ യുപി നിയമസഭയില്‍ 2017ല്‍ ഏഴ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക യുപിയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. മത്സരിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദ്യത്തിനും ഉണ്ട് എന്നായിരുന്നു മറുപടി. കോണ്‍ഗ്രസന്റെ കിഴക്കന്‍ യുപിയിലെ പാര്‍ട്ടി ചുമതല വഹിച്ചിരുന്നതിനാല്‍ മത്സരിച്ചേക്കുമെന്ന് റിപോര്‍ട്ടുമുണ്ടായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല.

Latest News