ഒഡീഷയിൽ ബി.ജെ.ഡിക്ക് റെക്കോർഡ് ഭൂരിപക്ഷം
ഭോപ്പാൽ- മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം. രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് ജയിച്ചു. മുംഗോളി, കൊറാറസ് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്. കൊറാറസിൽ കോൺഗ്രസ് സ്ഥാനാർത്ഥി മഹേന്ദ്രസിംഗ് യാദവ് 8,083 വോട്ടുകൾക്കാണ് ബി.ജെ.പിയുടെ ദേവേന്ദ്ര ജയിനിനെ തോൽപ്പിച്ചത്. മുംഗോളിൽ കോൺഗ്രസിന്റെ ജയം 2,124 വോട്ടുകൾക്കായിരുന്നു. കോൺഗ്രസിലെ ബിജേന്ദ്ര സിംഗ് യാദവ് ബി.ജെ.പിയുടെ ബ്രിജേന്ദ്ര സിംഗ് യാദവിനെയാണ് തോൽപ്പിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിമാനപോരാട്ടമായി കണ്ടിരുന്ന ഈ രണ്ടു മണ്ഡലങ്ങളിലും പക്ഷെ വിജയം ചൗഹാനൊപ്പം നിന്നില്ല. മധ്യപ്രദേശ് കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുടെ ലോക്‌സഭ മണ്ഡലത്തിൻ കീഴിലാണ് ഈ രണ്ടു നിയമസഭ മണ്ഡലങ്ങളും. അതുകൊണ്ട് തന്നെ കോൺഗ്രസിനും ഇത് അഭിമാനപ്പോര് തന്നെയായിരുന്നു. ഞാനും ശിവരാജ് സിംഗ് ചൗഹാനും തമ്മിലാണ് ഇവിടെ മത്സരമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ജോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഞാൻ ഗുസ്തി മത്സരത്തിന് വന്നതല്ലെന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി. 75 റാലികളും 15 റോഡ് ഷോകളുമാണ് സിന്ധ്യ ഇവിടെ നടത്തിയത്. ആറുമാസത്തിനകം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് സിന്ധ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാൽപത് റാലികളും പത്ത് റോഡ് ഷോകളുമാണ് ഈ മണ്ഡലങ്ങളിൽ ശിവരാജ് സിംഗ് ചൗഹാൻ നടത്തിയത്. പതിനെട്ട് ക്യാബിനറ്റ് മന്ത്രിമാരും പ്രചാരണത്തിന് ചുക്കാൻ പിടിച്ച് രംഗത്തുണ്ടായിരുന്നു. ജോതിരാദിത്യ സിന്ധ്യയുടെ അമ്മാവൻ യശോദര രാജയെയായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ചുമതല ഏൽപ്പിച്ചിരുന്നത്.
ഫെബ്രുവരി 24ന് വോട്ടെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു. മുംഗോളിയിൽ 77.05ഉം കൊലറസിൽ 70.4 ശതമാനവുമായിരുന്നു പോളിങ്. ഇരു മണ്ഡലങ്ങളേയും പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസ് എം.എൽ.എമാരുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഒഡീഷയിലെ ബിജെപൂർ നിയമസഭാ മണ്ഡലത്തിൽ ഭരണകക്ഷിയായ ബിജു ജനതാദൾ 41,993 വോട്ടുകൾക്കാണ് വിജയിച്ചത്. ബി.ജെ.ഡിയിലെ റിത സാഹു ബി.ജെ.പിയുടെ അശോക് പാണിഗ്രാഹിയെയാണ് തോൽപ്പിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തി. ബി.ജെ.പിക്ക് 60,938 വോട്ടും കോൺഗ്രസിന് 10,274 വോട്ടുകളുമാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 56 ശതമാനവും ബി.ജെ.ഡി സ്ഥാനാർത്ഥിക്കാണ് ലഭിച്ചത്.