റിയാദ് - സൗദിയിൽ പ്രീമിയം ഇഖാമ ഉടമകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ വരുന്നു. ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങളിൽ സൗദി പൗരന്മാർക്ക് തുല്യമായ സേവനങ്ങൾ പ്രീമിയം ഇഖാമ ഉടമകൾക്കും നൽകുന്ന നിലക്ക് പ്രീമിയം ഇഖാമ നിയമത്തിൽ ഭേദഗതികൾ വരുത്താൻ പ്രീമിയം ഇഖാമ സെന്റർ ആലോചിക്കുന്നുണ്ട്. നിർദിഷ്ട കരടു ഭേദഗതി പദ്ധതി പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിർദേശങ്ങൾക്കു വേണ്ടി നാഷണൽ കോംപറ്റിറ്റീവ്‌നെസ് സെന്ററിനു കീഴിലെ പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ പ്രീമിയം ഇഖാമ സെന്റർ പരസ്യപ്പെടുത്തി. കൂടുതൽ വിഭാഗങ്ങൾക്ക് പ്രീമിയം ഇഖാമകൾ അനുവദിക്കാനും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നു.
വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച വിദഗ്ധരെയും പ്രതിഭകളെയും പ്രഗത്ഭരെയും മറ്റും സൗദി അറേബ്യക്ക് ആവശ്യമുള്ള കാര്യം കണക്കിലെടുത്താണ് കൂടുതൽ വിഭാഗങ്ങൾക്ക് പ്രീമിയം ഇഖാമകൾ അനുവദിക്കാനും ഇഖാമ ഉടമകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും പ്രീമിയം ഇഖാമ സെന്റർ ആലോചിക്കുന്നത്.