സുരക്ഷാ മാനദണ്ഡം സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കിയില്ല
ആലപ്പുഴ- ടൂറിസ്റ്റുകളെ ആകർഷിക്കാൻ ബീച്ചിൽ തുടങ്ങുന്ന ഫ്‌ളോട്ടിംഗ് പാലത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണം നടക്കുന്നത് എന്നതിനുള്ള സാക്ഷ്യപത്രങ്ങൾ നഗരസഭ ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനാലാണ് നടപടി.
ബിച്ചിൽ പാലത്തിന്റെ നിർമാണം സ്വകാര്യ കമ്പനി ആരംഭിച്ചതിന് ശേഷമാണ് നഗരസഭയുടെ അനുമതി തേടി അപേക്ഷ സമർപ്പിച്ചത്. സുരക്ഷാ സംവിധാനം പാലിച്ചാണ് പാലം പ്രവർത്തിക്കുന്നതെന്ന അഗ്നി രക്ഷാസേന, പോലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ അനുമതി പത്രം ഹാജരാക്കിയാൽ പരിശോധിച്ച് അനുമതി നൽകാമെന്ന് നഗരസഭാധികൃതർ കമ്പനി പ്രതിനിധികളെ അറിയിച്ചു.
സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ഈ പാലം നിർമിച്ച് വിജയകരമായി പ്രവർത്തിപ്പിക്കുന്നതിന്റെ രേഖയും ഹാജരാക്കിയിട്ടില്ലെന്നും നഗരസഭ പറയുന്നു.
തുറമുഖ വകുപ്പിന്റെ സ്ഥലമെന്ന നിലയിൽ അവരുടെ മാത്രം അനുമതിയോടെയാണ് കടപ്പുറത്ത് ഫ്‌ളോട്ടിംഗ് പാലം നിർമാണം തുടങ്ങിയത്. ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന ബീച്ചിൽ കുട്ടികൾ ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കാതെ ഇത്തരം നിർമാണങ്ങൾക്ക് അംഗീകാരം നൽകാൻ കഴിയില്ല. ആദ്യം നിർമാണം നടത്തിയ ശേഷം സമ്മർദ്ദത്തിലൂടെ അനുമതി നേടാമെന്നത് അംഗീകരിക്കില്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിന്റെ രേഖകൾ ലഭിച്ചാൽ അനുമതി നൽകാൻ തടസ്സമില്ല എന്ന് നഗരഭാധ്യക്ഷ സൗമ്യരാജ് പറഞ്ഞു,