ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ വോട്ട് ചോദിക്കാനെത്തിയ ബി.ജെ.പി എം.എല്‍.എയെ ഗ്രാമീണര്‍ ഓടിച്ചുവിട്ടു. മുസഫര്‍നഗറില്‍ ഖതൗളി എം.എല്‍.എ വിക്രം സിംഗ് സെയ്‌നിയാണ് സ്വന്തം മണ്ഡലത്തില്‍ ജനങ്ങളുടെ പ്രതിഷേധം നേരിട്ടത്. മണ്ഡലത്തിലെ ഗ്രാമത്തില്‍ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഗ്രാമീണരുടെ മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധത്തിനിടയില്‍ കാറില്‍ കയറി രക്ഷപ്പെടുന്ന വീഡിയോ പ്രചരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ പിന്‍വലിച്ച വിവാദ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചതാണ് സെയ്‌നിക്കെതിരായ പ്രതിഷേധത്തിനു കാരണമെന്ന് കരുതുന്നു.
പ്രകോപന പ്രസംഗങ്ങള്‍ നടത്തി പല തവണ വിവാദം സൃഷ്ടിച്ച എം.എല്‍.എയാണ് വിക്രം സെയ്‌നി. ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് പറയുന്നുവരെ ബോംബിടുമെന്ന് അദ്ദേഹം 2019 ല്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാനാണെന്നും അതുകൊണ്ടുതന്നെ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നും നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. പശുക്കളെ കൊല്ലുന്നവരുടെ മുട്ടിന്‍കാല്‍ തല്ലിയൊടിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.
ഫെബ്രുവരി പത്ത് മുതലാണ് ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ട വോട്ടെടുപ്പ്. മാര്‍ച്ച് പത്തിനാണ് ഫലപ്രഖ്യാപനം.