ലണ്ടന്‍- ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ എല്ലാ അധിക കോവിഡ് നിയന്ത്രണങ്ങളും നീക്കിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. മാസ്‌ക് ധരിക്കല്‍ നിബന്ധനയും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും. അടുത്ത വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ഉച്ചസ്ഥായിയില്‍ എത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. അടുത്ത ആഴ്ച മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസും വേണ്ടതില്ല.
മികച്ച രീതിയില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തതാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ സഹായിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കി. ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തത്. പുതിയ കേസുകളുടെ എണ്ണവും ഏതാനും ആഴ്ചകളായി മികച്ച രീതിയില്‍ കുറഞ്ഞു വന്നു. ഒമിക്രോണ്‍ വ്യാപനം പരമാവധി ഉയര്‍ച്ചയിലെത്തിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.