തിരുവനന്തപുരം- മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തിനിടെ തന്റെ ആരോഗ്യസ്ഥിതിയും മുഖ്യമന്ത്രി മന്ത്രിമാരോട് വിശദീകരിച്ചു. തന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ തന്നെയാണ് ഇപ്പോള്‍ കഴിയുന്നത്. മൈനസ് ഒന്‍പത് ഡിഗ്രിയാണ് പ്രദേശത്തെ കാലാവസ്ഥയെന്നും ഇതല്ലാതെ മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 15 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയത്. ഭാര്യ കമലയും ഐ.എ.എസ് ഓഫീസര്‍ മീര്‍ മുഹമ്മദും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്ക്. ഈ മാസം 29 വരെയാണ്. സംസ്ഥാന ഭരണത്തിന്റെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല.