പാസ്‌പോർട്ട് പുതുക്കിയാൽ വിസാ വിവരങ്ങൾ അബ്ശിർ വഴി ചേർക്കാം
റിയാദ് - അഞ്ചു സേവനങ്ങൾ കൂടി ജവാസാത്ത് ഡയറക്ടറേറ്റ് ഓൺലൈൻ വഴിയാക്കി. പുതിയ സേവനങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ ഉദ്ഘാടനം ചെയ്തു. ജവാസാത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ ഉപയോക്താക്കൾക്കാണ് പുതിയ സേവനങ്ങൾ കൂടി ലഭിക്കുക.
വിദേശ തൊഴിലാളികളുടെയും ആശ്രിത വിസക്കാരുടെയും പുതുക്കിയ പാസ്‌പോർട്ടുകളിലേക്ക് വിസാ വിവരങ്ങൾ മാറ്റൽ (നഖ്‌ലുൽ മഅ്‌ലൂമാത്ത്), വ്യക്തികൾക്കു കീഴിലെ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റം, അബ്ശിർ അക്കൗണ്ട് ഉടമകൾക്കു കീഴിലുള്ള വിദേശികളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രിന്റൗട്ട്, ജവാസാത്തിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് മറ്റുള്ളവരെ ചുമതലപ്പെടുത്തൽ, ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം എന്നീ സേവനങ്ങളാണ് ഓൺലൈൻ സേവനമായ അബ്ശിർ വഴി ജവാസാത്ത് പുതുതായി നൽകുക. തൊഴിലുടമക്കു കീഴിലെ മുഴുവൻ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ, ഓരോ സ്ഥാപനത്തിലെയും വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, തിരിച്ചറിയൽ രേഖകളുടെ കാലാവധി വ്യക്തമാക്കൽ എന്നീ സേവനങ്ങളാണ് ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം വഴി ലഭിക്കുക. പുതുക്കിയ പാസ്‌പോർട്ടുകളിലേക്ക് വിസാ വിവരങ്ങൾ മാറ്റുന്നതിനാണ് നിലവിൽ ഏറ്റവും കൂടുതൽ പേർ ജവാസാത്ത് ഡയറക്ടറേറ്റുകളെയും ഓഫീസുകളെയും സമീപിക്കുന്നതെന്ന് മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പറഞ്ഞു.
പുതിയ ഓൺലൈൻ സേവനങ്ങൾ സൗദി പൗരന്മാർക്കും വിദേശികൾക്കും ഏറെ ഉപകാരപ്പെടും. ജവാസാത്ത് ഡയറക്ടറേറ്റിലെ തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായകമാകും. റീ-എൻട്രി, ഫൈനൽ എക്‌സിറ്റ്, ഹുറൂബ് തുടങ്ങിയ നിരവധി സേവനങ്ങൾ നേരത്തെ തന്നെ ജവാസാത്ത് ഓൺലൈൻവൽക്കരിച്ചിട്ടുണ്ട്.