ബെംഗളുരു- കര്‍ണാകട മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സുരക്ഷാ സംഘത്തിലെ രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായി. ബെംഗളുരുവിലെ മയക്കുമരുന്നു റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്ന ശിവകുമാര്‍, സന്തോഷ് എന്നീ പോലീസുകാരെയാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ ആര്‍ ടി നഗര്‍ വസതിയില്‍ സുരക്ഷാ ചുമതലയില്‍ നിയമിച്ചവരായിരുന്നു ഇവര്‍. മയക്കുമരുന്ന് സംഘത്തില്‍ നിന്നും കഞ്ചാവ് വാങ്ങി ഇരുവരും ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു. സംശയിക്കപ്പെടാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്കു സമീപത്തെ ഒരു ഷോപ്പ് വഴിയാണ് ഈ പോലീസുകാര്‍ കഞ്ചാവ് കൈപ്പറ്റിയിരുന്നത്.
കഞ്ചാവ് വാങ്ങുന്നതിനിടെ വിലയെ ചൊല്ലി മയക്കുമരുന്ന് സംഘവുമായി ഇവര്‍ വാഗ്വാദമുണ്ടാക്കിയിരുന്നു. സംശയത്തെ തുടര്‍ന്നാണ് ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത്‌പ്പോള്‍ കഞ്ചാവ് പൊതി ഇവര്‍ നേരത്തെ വാങ്ങിയതായി കണ്ടെത്തി. കുപ്രസിദ്ധരായ അംജദ് ഖാന്‍, അഖില്‍ രാജ് എന്നീ മയക്കുമരുന്ന് കടത്തുകാരില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയതെന്നും കണ്ടെത്തി. പോലീസ് അന്വേഷണം നടത്തിവരികയാണ്.