ശ്രീനഗര്‍- കേന്ദ്രത്തിനു കീഴിലുള്ള ജമ്മു കശ്മീര്‍ ഭരണകൂടം ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കശ്മീര്‍ പ്രസ് ക്ലബ് പിടിച്ചെടുത്തു. ക്ലബ് ഇനി രജിസ്റ്റര്‍ ചെയ്ത ഒരു സ്ഥാപനമായി നിലനില്‍ക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രസ് ക്ലബ് ഭരണ സമിതിയെ പിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു. കശ്മീര്‍ താഴ്‌വരയിലെ 300ഓളം മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായ സ്വതന്ത്ര സ്ഥാപനമാണ് കശ്മീര്‍ പ്രസ് ക്ലബ്. ഭരണകൂടത്തിന്റെ നടപടി കശ്മീരിലെ മാധ്യമപ്രവര്‍ത്തകരുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള നീക്കമാണെന്ന് ക്ലബിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു.
സര്‍ക്കാര്‍ അനുകൂലികളെന്ന് പറയപ്പെടുന്ന എതിര്‍ചേരിയിലുള്ള ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ശനിയാഴ്ച പ്രസ് ക്ലബിലേക്ക് അതിക്രമിച്ചു കയറുകയും തങ്ങളാണ് ഇടക്കാല കമ്മിറ്റിയെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ ശനിയാഴ്ചയാണ് ക്ലബ് അടച്ചു പൂട്ടിയത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിനു ശേഷം കേന്ദ്ര നിയമമായ സൊസൈറ്റീസ് ഓഫ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം വീണ്ടും രജിസ്‌ട്രേഷന്‍ നടത്താന്‍ പ്രസ് ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനായി രേഖകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കാരണമൊന്നും വ്യക്തമാക്കാതെ ഭരണകൂടം രജിസ്‌ട്രേഷന്‍ വൈകിപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതില്‍ വീഴ്ച വരുത്തി എന്നു കാണിച്ചാണ് ക്ലബ് അടച്ചുപൂട്ടുകയും കെട്ടിടവും ഭൂമിയും സര്‍ക്കാര്‍ തിരിച്ചെടുക്കുകയും ചെയ്തിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നടത്താത്തിനാല്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് സാധുത ഇല്ലെന്നും ക്ലബിനെ ചില വ്യക്തികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഭരണകൂടം പറയുന്നു.