Sorry, you need to enable JavaScript to visit this website.

ലണ്ടനിലെ ആഡംബര വീട്ടില്‍ നിന്ന് വിജയ് മല്യയെ ഇറക്കി വിട്ടേക്കും

ലണ്ടന്‍- കോടികളുടെ വായ്പ എടുത്ത് തിരിച്ചടക്കാതെ നാടുവിട്ട കേസ് നേരിടുന്ന മദ്യവ്യവസായി വിജയ് മല്യയെ അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന ലണ്ടനിലെ ആഡംബര വീട്ടില്‍ നിന്ന് ഒഴിപ്പിക്കും. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടിക്കാത്ത കേസിലാണ് നടപടി. ആഡംബര വീട് ജപ്തി ചെയ്യാനുള്ള യുബിഎസ് ബാങ്കിന്റെ നീക്കത്തിനെതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും ബ്രിട്ടീഷ് കോടതി നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. മല്യയ്ക്ക് ഇനി കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ലണ്ടനിലെ പ്രശസ്തമായ റീജന്റ്‌സ് പാര്‍ക്കിന് അഭിമുഖമായി നിലകൊള്ളുന്ന 18/19 കോണ്‍വാള്‍ ടെറസ് ആഡംബര അപാര്‍ട്ട്‌മെന്റാണ് മല്യയുടെ വീട്. ഇവിടെ ഇപ്പോള്‍ മല്യയുടെ 90കാരിയായ അമ്മയാണ് കഴിയുന്നത്. ഇവിടെ നിന്നൊഴിപ്പിച്ചാല്‍ മല്യയുടെ അമ്മയുള്‍പ്പെടെ പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി കനിഞ്ഞില്ല.

വായ്പ തിരിച്ചടക്കാനും ഈ വീട്ടില്‍ കഴിയാനും 2020 ഏപ്രില്‍ 30 വരെ മല്യയ്ക്കും കുടുംബത്തിനും 2019 മേയില്‍ കോടതി സമയം അനുവദിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ഇക്കാലയളവില്‍ ഒന്നും നടന്നില്ല. നിയമപരമായി ഈ കേസുമായി മുന്നോട്ടു പോകാന്‍ 2021 ഏപ്രില്‍ വരെ യുബിഎസ് ബാങ്കിനും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്ന മല്യയുടെ ആവശ്യമാണ് ഇപ്പാള്‍ കോടതി തള്ളിയത്.
 

Latest News