ന്യൂദല്‍ഹി- മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വിക്രം ദേവ് ദത്തിന് എയര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേന്ദ്രം ടാറ്റ സണ്‍സിനു വിറ്റ എയര്‍ ഇന്ത്യയുടെ കൈമാറ്റത്തിന് പുതിയ എംഡി നേതൃത്വം നല്‍കും. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനം. വിക്രം ദേവ് ദത്ത് നിലവില്‍ ദല്‍ഹി സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അഡീഷനല്‍ സെക്രട്ടറി റാങ്കിലും ശമ്പള സ്‌കെയ്‌ലിലുമാണ് എയര്‍ ഇന്ത്യാ എംഡിയായി പുതിയ നിയമനം. 1993 ബാച്ച് ഐഎഎസ് ഓഫീസറായ വിക്രം ദേവ് ദത്ത് അരുണാചല്‍ പ്രദേശ്, ഗോവ, മിസോറാം, യൂനിയന്‍ ടെറിറ്ററി സംയുക്ത കേഡര്‍ ഓഫീസര്‍ ആണ്.
2021 ഒക്ടോബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ 18000 കോടി രൂപയ്ക്ക് ടാറ്റ സണ്‍സിന്റെ പ്രത്യേക കമ്പനിയായ ടാലെസ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ ഈ ഇടപാട് പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ പലകാരണങ്ങള്‍ മൂലം ഇതു വൈകി. ഇനി ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.