ചെന്നൈ- സീ തമിഴ് ചാനലിലെ കുട്ടികളുടെ റിയാലിറ്റി ഷോയ്ക്കിടെ അവതരിപ്പിച്ച ഹാസ്യ സ്‌കിറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാളിപ്പോയ നയങ്ങളെ പരിഹസിച്ചതിന് ചാനലിന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചു. ഈ പരിപാടി പ്രക്ഷേപണം ചെയ്തതിന് മറുപടി നല്‍കണമെന്നാണ് സര്‍ക്കാര്‍ ചാനല്‍ ഉടമകളായ സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസിന് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ സി ടി ആര്‍ നിര്‍മര്‍ കുമാര്‍ ആണ് മന്ത്രാലയത്തിന് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. തമിഴ് റിയാലിറ്റി ഷോ ആയ ജൂനിയര്‍ സൂപ്പര്‍സ്റ്റാര്‍ സീസണ്‍ 4 എന്ന പരിപാടിയില്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നും ഇതു നീക്കം ചെയ്യണമെന്നുമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്.
ജനുവരി 15നാണ് ഈ സ്‌കിറ്റ് സീ തമിഴ് ചാനലില്‍ അവതരിപ്പിക്കപ്പെട്ടത്. തമിഴ് നടി സ്‌നേഹ ആയിരുന്നു പരിപാടിയുടെ അവതാരക. ആര്‍ജെ മിര്‍ചി സെന്തില്‍, ഹാസ്യതാരം അമുധവനന്‍ എന്നിവരും പങ്കെടുത്തിരുന്നു. 2006ല്‍ ഇറങ്ങിയ തമിഴ് ഹിറ്റ് സിനിമ 'ഇംസയ് അരശന്‍ 23 എം പുലികേശി' എന്ന ഹാസ്യ ചിത്രത്തെ പരാമര്‍ശിച്ചായിരുന്നു കുട്ടികളുടെ സ്‌കിറ്റ്. ബ്രിട്ടീഷ് ഭരണകാലത്ത് ജനങ്ങള്‍ പട്ടിണിയിലും പ്രതിസന്ധിയിലും കഴിയുമ്പോഴും ആഡംബരം ഒട്ടും കുറവില്ലാതെ ജീവിച്ച ജനപിന്തുണയില്ലാത്ത ഒരു രാജാവിനെ അവതരിപ്പിക്കുന്നതാണ് ഈ സിനിമ. രാജാവായി ഈ സിനിമയില്‍ അഭിനയിച്ചത് പ്രമുഖ തമിഴ് ഹാസ്യ താരം വിടവേലു ആയിരുന്നു. സീ തമിഴില്‍ വന്ന സ്‌കിറ്റില്‍ കുട്ടികള്‍ ഈ രാജാവിനേയും അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളേയുമാണ് പരിഹാസ രൂപേണ പരാമര്‍ശിച്ചത്. ഇക്കൂട്ടത്തലില്‍ മോഡി സര്‍ക്കാരിന്റെ നോട്ടു നിരോധനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലും പരാമര്‍ശിക്കപ്പെട്ടു. ഇതിനെ ചൊല്ലിയാണ് ബിജെപി നേതാവ് പരാതിപ്പെട്ടത്.