ന്യൂദല്‍ഹി- നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഇത്തവണയും വനിത പ്രവേശനം 19 പേരില്‍ ഒതുക്കിയത് ചോദ്യം ചെയ്തു സുപ്രീംകോടതി. കോടതി ഉത്തരവുണ്ടായിട്ടും കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താതിരുന്നതില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷവും 19 വനിതകള്‍ക്കാണ് പ്രവേശനം നല്‍കിയത്. കോടതി ഉത്തരവുണ്ടായിട്ടും ഇത്തവണയും ഇതു തന്നെ ആവര്‍ത്തിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
2021 എന്‍എഡി പരീക്ഷ എഴുതിയ വനിതകള്‍ ഉള്‍പ്പടെയുള്ളവരുടെ കണക്കുകള്‍ ഹാജരാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനിതകളുടെ പ്രവേശനം പരിമിതപ്പെടുത്തിയത്. എന്നിട്ട് ഇതേ വര്‍ഷവും അത്ര തന്നെ വനിതകള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം സുന്ദരേഷ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചു.
മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം സഹിതം സത്യവാംഗ്മൂലം നല്‍കണമെന്നാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇപ്പോള്‍ പ്രവേശനം നേടിയ 19 പേരില്‍ 10 പേര്‍ കരസേനയിലേക്കും മൂന്ന് പേര്‍ നാവിക സേനയിലേക്കും ആറ് പേര്‍ വ്യോമസേനയിലേക്കുമാണ് പോകുന്നത്.