Sorry, you need to enable JavaScript to visit this website.

അസമിൽ 20 ലക്ഷത്തോളം മുസ്ലിംകൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായേക്കും

ന്യൂദൽഹി- ജൂണിൽ കേന്ദ്ര സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിക്കുന്നതോടെ അസമിലെ ബംഗാളി വംശജരായ 20 ലക്ഷത്തോളം മുസ്ലിംകൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. അസം ജനസംഖ്യയിൽ 34 ശതമാനം മുസ്്‌ലിംകളാണ്. ഇവരിൽ ഭൂരിപക്ഷവും നുറ്റാണ്ടു മുമ്പ് കുടിയേറിപ്പാർത്ത ബംഗാളി വംശജരാണ്. ദാരിദ്രരും നിരക്ഷരരുമായ കാർഷിക ജോലിക്കാരാണ് ഇവർ. എന്നാൽ ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കുന്നതിനും വളരെ മുമ്പ് അസമിലെത്തിയ വലിയൊരു ശതമാനം മുസ്്‌ലിംകളെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്ര കുത്തിയാണ് കേന്ദ്ര സർക്കാർ പൗരത്വം എടുത്തുമാറ്റാൻ തുനിയുന്നത്. 

ബംഗ്ലാദേശിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരാണ് ഇവരെന്ന് ആർ.എസ്.എസും ബി.ജെ.പിയും ചില പ്രാദേശിക കക്ഷികളും ഏതാനും വർഷമായി ആരോപണമുന്നയിച്ചു വരികയാണ്. ഇവരെ വേർത്തിരിച്ചറിയാനാണ് പൗരത്വ രേഖകൾ പരിശോധിച്ച് ദേശീയ പൗരത്വ രജിസ്റ്റർ കേന്ദ്ര സർക്കാർ തയാറാക്കുന്നത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നത്. ജൂണിൽ രജിസ്റ്റർ പ്രസിദ്ധീകരിക്കും.  ഇതിനായി പൗരത്വ രേഖകൾ സമർപ്പിക്കാൻ കഴിയാത്തവരാണ് പ്രതിസന്ധിയിലാകാൻ പോകുന്നത്. നിലവിൽ രേഖകൾ സമർപ്പിക്കാത്തവരെ 'സംശയിക്കപ്പെടുന്നവർ' എന്ന ഗണത്തിലാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഈ ഗണത്തിലുൾപ്പെട്ടവരും വിദേശികളെന്ന് തിരിച്ചറിഞ്ഞവരും ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താകുമെന്ന് സംസ്ഥാന എൻ.ആർ.സി കോഓർഡിനേറ്റർ ശ്രീ പ്രതീക് ഹാലെജ പറഞ്ഞു. ഇതിനു പുറമെ പഞ്ചായത്തുകളുടെ രേഖകൾ സമർപ്പിച്ച 29 ലക്ഷം സ്ത്രീകളേയും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുറത്താക്കപ്പെടുന്ന ആളുകളുടെ എണ്ണം എത്രയാണെന്ന് ഇപ്പോൾ പറയാനിവില്ലെന്നും അദ്ദേഹം അറിയിച്ചു. 

സംശയിക്കപ്പെടുന്നവരെന്ന പട്ടികയിലുൾപ്പെട്ടവരും വിദേശികളെന്ന് പ്രഖ്യാപിക്കപ്പെട്ടവരും അഞ്ച് ലക്ഷത്തോളം വരുമെന്ന് ജസ്റ്റിസ് ഫോറം പ്രവർത്തകൻ അബ്ദുൽ ബത്തീൻ ഖന്ദ്കർ പറയുന്നു. 15 ലക്ഷത്തോളം വരുന്ന ഇവിരുടെ മക്കൾ കൂടി ചേരുമ്പോൾ 20 ലക്ഷത്തോളം മുസ്ലിംകൾക്ക് പൗരത്വം നഷ്ടമാകാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News