കോഴിക്കോട്- എം.എസ്.എഫിലെ കുഴപ്പങ്ങള്‍ക്ക് കാരണം മുസ്ലിംലീഗിലെ പുതിയ അധികാര കേന്ദ്രമായി മാറിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെന്ന് ആരോപണം. സഹപ്രവര്‍ത്തകരായ ഹരിത നേതാക്കള്‍ക്കെതിരെ മര്യാദ കെട്ടു സംസാരിച്ചുവെന്ന പരാതി ഉയര്‍ന്നിട്ടും എം.എസ്.എഫ്. പ്രസിഡന്റ് പി.കെ.നവാസിനെ സംരക്ഷിക്കുന്ന സാദിഖലി തങ്ങള്‍ ഇപ്പോള്‍ മറുപക്ഷത്തെ നേതാക്കളെ പുറത്താക്കിയിരിക്കുകയാണ്. ലീഗ് നേതാക്കളില്‍ പ്രമുഖര്‍ നടപടികള്ക്കെതിരാണെന്നാണ് സൂചന.
മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഹൈദരലി ശിഹാബ് തങ്ങളുടെ അസാന്നിധ്യത്തില്‍ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നന്നയാളുമായ സാദിഖലി തങ്ങളിലേക്കാണ് എം.എസ്.എഫിലെ കുഴപ്പങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഏറ്റവും ഒടുവില്‍ എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ലതീഫ് തുറയൂര്‍, ജോയിന്റ് സെക്രട്ടറി കെ.എം.ഫവാസ്, പ്രവര്‍ത്തക സമിതി അംഗം കെ.വി.ഹുദൈഫ് എന്നിവരെ എം.എസ്.എഫില്‍ നിന്നും ലീഗില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഹരിതയുമായി ബന്ധപ്പെട്ടതടക്കം എല്ലാ വിഷയങ്ങള്‍ക്കും ഇപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ.സലാമിനെതിരെണ് സസ്പെന്ഷനിലായവരടക്കം വിരല്‍ ചൂണ്ടുന്നതെങ്കിലും നടപടികള്‍ എടുക്കുന്നത് സാദിഖലി തങ്ങളാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
2020 മാര്‍ച്ചിലാണ് എം.എസ്.എഫിന്റെ ഈ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്നത്. ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിക്കുകയും റിട്ടേണിംഗ് ഓഫീസറായും നിരീക്ഷകരായും എത്തിയ പി.എം. സാദിഖലി, സി.പി.ചെറിയ മുഹമ്മദ് എന്നിവരെ പൂട്ടിയിടുകയും ചെയ്തിരുന്നു. പി.കെ.നവാസിനെ പ്രസിഡന്റാക്കണമെന്ന മുകളില്‍ നിന്നുള്ള നിര്‍ദേശം അടിച്ചേല്പിക്കാന് ശ്രമിച്ചതാണ് ബഹളത്തിന് കാരണം. തുടര്‍ന്ന് ഭാരവാഹികളെ മുസ്ലിംലീഗ് നേതൃത്വമാണ് തീരുമാനിച്ചത്. എം.എസ്.എഫിന്റെ ജില്ലാ ഭാരവാഹികളോ സംസ്ഥാന ഭാരവാഹികളോ ആയി പ്രവര്‍ത്തിച്ചവരാണ് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടരി സ്ഥാനങ്ങളിലേക്ക് വന്നിരുന്നതെങ്കില്‍ പി.കെ.നവാസ് മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി മാത്രമായിരുന്നു.
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ വിഭാഗീയത തുടര്‍ന്നു. ഹരിത ഭാരവാഹികള്‍ക്കെതിരെ സംസ്ഥാന പ്രസിഡന്റ് മോശം ഭാഷ ഉപയോഗിച്ചുവെന്ന ആരോപണം പാര്‍ട്ടി നേതാക്കളെ അിറയിച്ചെങ്കിലും നടപടി സ്വീകരിക്കാതെ നീട്ടിയപ്പോള്‍ ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതാണ് വിഷയം പൊതു സമൂഹത്തിന് മുന്നിലെത്തിച്ചത്. ഈ ഹരിത നേതാക്കള്‍ക്ക് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ അടക്കമുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നു. എം.എസ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഫാതിമ തഹ്ലിയയുടെ പിന്തുണയും ഹരിത നേതാക്കള്‍ക്കുണ്ടായി.
ഹരിത വിവാദം ഉണ്ടായപ്പോള്‍ ഡോ.എം.കെ.മുനീര്‍ അടങ്ങുന്ന നേതാക്കള്‍ ഹരിത നേതാക്കളുമായും എം.എസ്.എഫ്. നേതാക്കളുമായും സംസാരിച്ചെങ്കിലും ഹരിത നേതാക്കളെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ഫാതിമ തഹ്ലിയയെ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു. ഫാതിമയെയും മറ്റു ഹരിത നേതാക്കളെയും സി.പി.എമ്മുള്പടെ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തെങ്കിലും ഇവര്‍ ലീഗില്‍ തന്നെ തുടരുകയാണുണ്ടായത്.
ഈ സാഹചര്യത്തിലാണ് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫിനെതിരെ അച്ചടക്ക നടപടിയുമായി വന്നത്. ഹരിത കേസില്‍ നവാസിനെതിരെ മൊഴി നല്‍കിയതാണ് സസ്പെന്ഷന് പെട്ടെന്നുള്ള കാരണം. സംസ്ഥാനകമ്മിറ്റിയുടെ മിനുട്സ് പി.എം.എ. സലാമും ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ.യും പിടിച്ചെടുത്തതായി ലത്തീഫ് പറയുന്നു.
പുറത്തു പോകാതിരുന്ന ഫാതിമ തഹ്ലിയ അടക്കം വനിതാ നേതാക്കള്‍ക്ക് ലീഗില്‍ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. ധാരാളം വേദികളില്‍ ഇവര്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഇപ്പോള്‍ സസ്പെന്‍ഷനിലായവരും ഇതേ രീതി തുടരുമെന്നാണ് സൂചന. സസ്പെന്‍ഷനെ പ്രമുഖ നേതാക്കളടക്കം പിന്തുണക്കുന്നില്ല. ലതീഫിന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നല്ല പിന്തുണയും ലീഗ് അണികളില്‍ നിന്നു തന്നെ ലഭിക്കുന്നുണ്ട്. പരാതി ഉയര്‍ന്നപ്പോള്‍ സംസ്ഥാന ഭാരവാഹികളെ ഒന്നടങ്കം മാറ്റുകയായിരുന്നു വേണ്ടതെന്നാണ് പൊതുവെ ഉയര്‍ന്ന അഭിപ്രായം. എം.കെ.മുനീറിനെ പോലെ നേതാക്കളും ഈ രീതിയിലാണ് സൂചന നല്‍കിയത്. എന്നാല്‍ നവാസിനെ സാദിഖലി ശിഹാബ് തങ്ങള്‍ സംരക്ഷിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കാര്യങ്ങള്‍ ഞങ്ങള്‍ അിറഞ്ഞല്ല എന്ന് ഇ.ടി.മുഹമ്മദ് ബഷീറും മുനീറും വ്യക്തമാക്കിയിരിക്കെ തങ്ങള്‍ക്ക് അനുകൂലമായ നീക്കം പ്രതീക്ഷിക്കുകയാണ് ലതീഫും സഹപ്രവര്‍ത്തകരും.