ചെന്നൈ- ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍വെച്ച് ഇന്നു രാവിലെയാണ് സിബിഐ കാര്‍ത്തിയെ അറസ്റ്റു ചെയ്തത്. കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്‌കര രാമനെ ദല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ 2007-ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിനായി ചട്ടങ്ങള്‍ മറികടന്നെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. ആദായനികുതി വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനായി കാര്‍ത്തി ഐഎന്‍എക്‌സ് മീഡിയയില്‍നിന്ന് 3.5 കോടി രൂപ കോഴവാങ്ങിയതായും സിബിഐ ആരോപിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റേയും കാര്‍ത്തി ചിദംബരത്തിന്റേയും ചെന്നൈയിലെ വീടുകളില്‍ സിബിഐ നേരത്തെ റെയ്ഡ് നടത്തിയിരുന്നു.