പൂനെ-ബസ് ഓടിക്കുന്നതിനിടെ അപസ്മാരം ഉണ്ടായ ഡ്രൈവര്‍ക്ക് രക്ഷയായത് യാത്രക്കാരിയായ യുവതിയുടെ സമയോചിതമായ ഇടപെടല്‍. പത്ത് കിലോമീറ്ററോളം ദൂരം ബസ് ഓടിച്ചാണ് യുവതി ഡ്രൈവറെ രക്ഷിച്ചത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലും ഇവര്‍ തരംഗമായിരിക്കുകയാണ്.
പൂനെയ്ക്ക് സമീപം ഷിരൂര്‍ എന്ന സ്ഥലത്തേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു സംഘം. എന്നാല്‍ തിരിച്ചുപോകുന്നതിനിടെ ഡ്രൈവര്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് വണ്ടി നിര്‍ത്തി. ആര്‍ക്കും പരിചയമില്ലാത്ത സ്ഥലമായതിനാല്‍ യാത്രക്കാര്‍ നിലവിളിക്കാന്‍ തുടങ്ങി. അപ്പോഴാണ് ബസിലുണ്ടായിരുന്ന യോഗിത സാതവ് എന്ന യുവതി ബസ് ഓടിക്കാന്‍ തയ്യാറായത്.പത്ത് കിലോമീറ്ററോളം ദൂരം ബസ് ഓടിച്ച് ഇവര്‍ യാത്രക്കാരെയെല്ലാം സുരക്ഷിതരാക്കി. കൂടാതെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാര്‍ ഓടിച്ച് തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും, അതിനാലാണ് ബസ് ഓടിക്കാന്‍ തീരുമാനിച്ചതെന്നും യോഗിത പറയുന്നു. ഇവരുടെ ആത്മവിശ്വാസം സ്ത്രീ സമൂഹത്തിന് തന്നെ പ്രചോദനമാവുകയാണ്.