ന്യൂദല്‍ഹി- ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കാന്‍ തമിഴ്‌നാട് ഒരുക്കിയ നിശ്ചലദൃശ്യ മാതൃകയും കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഈ നടപടി നിരാശപ്പെടുത്തുന്നതാണെന്നും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ സ്വാതന്ത്ര്യ സമര പോരാളികളെ ചിത്രീകരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തെ പ്രതിനിധാനം ചെയ്യുന്ന നിശ്ചലദൃശ്യത്തിന്റെ മാതൃകയാണ് തമിഴ്‌നാട് സമര്‍പ്പിച്ചിരുന്നത്.
റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ പരിശോധിക്കുന്ന വിദഗ്ധ സമിതിക്കു മുമ്പാകെ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ മൂന്ന് തവണ അവതരണം നടത്തിയിട്ടുണ്ട്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ തമിഴ്‌നാടിന്റെ തീമില്‍ സമിതി തൃപ്തരായിരുന്നുവെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. സമിതി നിര്‍ദേശ പ്രകാരം മാറ്റങ്ങള്‍ വരുത്തി തമിഴ്‌നാട് സമര്‍പ്പിച്ച് ഏഴ് രൂപകല്‍പ്പനകളും തള്ളിയത് അംഗീകരിക്കാനാവില്ല. തമിഴ്‌നാടിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയത് സംസ്ഥാനത്തെ ജനങ്ങളുടെ രാജ്യസ്‌നേഹ വികാരത്തെ വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.