മുംബൈ- ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. മുംബൈ വിലെപാര്‍ലിയില്‍ സേവ സമാജ് ശ്മശാനത്തില്‍ ഇന്ന് വൈകിട്ടു മൂന്നരയ്ക്കാണ് സംസ്‌കാരം. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപം സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ പൊതുദര്‍ശനത്തിനു വെക്കും.
ദുബായില്‍നിന്ന് വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. ശ്രീദേവി റാസല്‍ഖൈമയില്‍ പങ്കെടുത്ത ചടങ്ങില്‍ വിവാഹിതനായ ബന്ധുവും നടനുമായ മോഹിത് മാര്‍വയും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
എയര്‍പോര്‍ട്ടില്‍നിന്ന് മൃതദേഹം ആംബുലന്‍സില്‍ ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വസതിയിലെത്തിച്ചു. ദുബായിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു.
ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വസതിയിലേക്ക് രാത്രി വൈകിയും ജനപ്രവാഹം തുടരുകയാണ്. ചലച്ചിത്ര, ടി.വി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമടക്കം സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നത്. കര്‍ണാടകയില്‍നിന്നും തെലങ്കാനയില്‍നിന്നും ധാരാളം പേരാണ് എത്തിച്ചേര്‍ന്നതെന്ന് അനില്‍ കൂപറിന്റെ വസതിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജസ്ഥാനടക്കം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും ആരാധകര്‍ എത്തിച്ചേര്‍ന്നു. വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചതോടെയാണ് ദുബായ് പോലീസ് മൃതദേഹം വിട്ടുനല്‍കിയത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ദുബായ് പോലീസ് അവസാനിപ്പിച്ചിട്ടുമുണ്ട്.
ശ്രീദേവിയുടേത് സ്വാഭാവിക മരണമല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കാരണമാണ് ശനിയാഴ്ച രാത്രി മരിച്ച ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാനും നാട്ടിലേക്ക് കൊണ്ടുവരാനും ദിവസങ്ങളെടുത്തത്.
ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലെ അപ്പാര്‍ട്ട്‌മെന്റില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ശ്രീദേവിയുടെ മരണം. റാഷിദ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതോടെയാണ് വിശദമായ ഫോറന്‍സിക് പരിശോധനയിലേക്ക് നീണ്ടത്.
ഹോട്ടലിലെ ബാത്ത് ടബില്‍ അബോധാവസ്ഥയില്‍ മുങ്ങിമരിച്ചുവെന്നാണ് ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുത്. തുടര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തിയതിനു പുറമെ, ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറില്‍നിന്ന് പോലീസ് മൊഴിയെടുക്കുകയും ചെയ്തു. നടിക്ക് ബോധക്ഷയം സംഭവിച്ചതെങ്ങനെ എന്ന കാര്യത്തിലെ ദുരൂഹതയാണ് കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാന്‍ ഇടയാക്കിയത്.