തിരുവനന്തപുരം- സിൽവർ ലൈനുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ കനത്തതോടെ റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായി ചർച്ചയാകാമെന്ന് മന്ത്രിമാർ. ഡി.പി.ആറിൽ ഇനിയും തിരുത്തലാകാമെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റവന്യൂമന്ത്രി കെ.രാജനും ചർച്ചക്ക് തയ്യാറെന്ന് അറിയിച്ചു. പ്രതിഷേധത്തിന്റെ മുനയൊടിക്കാനാണ് മന്ത്രിമാരുടെ ഇത്തരം പ്രതികരണങ്ങൾ.
സിൽവർ ലൈനുമായി ബന്ധപ്പെട്ട് സർക്കാരിന് യുദ്ധപ്രഖ്യാപനമില്ലെന്നും ആശങ്കകൾ തീർക്കുമെന്നുമാണ് മന്ത്രി കെ.രാജൻ വ്യക്തമാക്കിയത്. സിൽവർ ലൈൻ പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പ്രകൃതിദുരന്തങ്ങൾക്ക് വഴിതെളിക്കുമെന്നും ഡി.പി.ആറിൽ പറയുന്നുണ്ട്. ഇത് സിൽവർ ലൈൻ കടന്നുപോകുന്ന മണ്ഡലങ്ങളിലെ എം.എൽഎമാരും ജില്ലയിലെ മന്ത്രിമാരും ഇപ്പോൾ തന്നെ കടുത്ത ആരോപണങ്ങൾ നേരിടുന്നുണ്ട്. ബുദ്ധിജീവികളും ഇടതുസഹയാത്രികരും പദ്ധതിക്കെതിരെ രംഗത്തുവന്നു. പദ്ധതിസംബന്ധിച്ച് പരിശോധന വേണമെന്നആവശ്യം സി.പി.എം, സി.പി.ഐ പാർട്ടിപ്രവർത്തകരിൽ നിന്നും ഉയരുന്നു. അതിനാൽ പ്രതിഷേധങ്ങളെ തണുപ്പിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് സർക്കാർ.
ഇതിനിടെ ഡി.പി.ആറിൽ പിഴവുകളുണ്ടെന്ന് സാധ്യതാപഠനം നടത്തിയ സിസ്ത്ര എം.വി.ഐയിലെ ഇഞ്ചിനീയർ അലോക്‌വർമ്മ വ്യക്തമാക്കിയതിനു പിന്നാലെ ഇതിനെ തള്ളി കെ റെയിൽ എം.ഡി.അജിത് രംഗത്ത്‌വന്നു. എന്തെങ്കിലും മാറ്റങ്ങൾ വരുത്താമെന്നല്ലാതെ കാതലായ മാറ്റങ്ങൾ വരുത്താനാകില്ലെന്നും അലോക്‌വർമ്മ മൂന്നുമാസം മാത്രമെ കെ റെയിലിൽ പ്രവർത്തിച്ചിട്ടുള്ളൂ എന്നും അജിത് പറഞ്ഞു.
സിൽവർ ലൈൻ നടപ്പിലാക്കുകയാണെങ്കിൽ അതിലേയ്ക്കു വേണ്ടുന്ന നിർമ്മാണ സാമഗ്രികൾ എവിടെ നിന്നെന്ന ചോദ്യം സർക്കാരിനെ അലട്ടുന്നുണ്ട്. ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ വിഴിഞ്ഞം തുറമുഖം ആറ് വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. തുറമുഖ നിർമ്മാണത്തിനുവേണ്ട പശ്ചാത്തല സൗകര്യം സർക്കാർ നൽകുമെന്നാണ് ശിലാസ്ഥാപനം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തുടർന്ന് അധികാരത്തിൽ കയറിയ പിണറായി സർക്കാരും വ്യക്തമാക്കിയത്. എന്നാൽ തുറമുഖ നിർമ്മാണത്തിനു വേണ്ട പാറ കിട്ടാതെ വട്ടം കറങ്ങുകയാണ് അദാനി കമ്പനി. തമിഴ്‌നാട്ടിൽ നിന്നാണ് ഇപ്പോൾ പാറ എത്തിക്കുന്നത്. ഇത് പലപ്പോഴും സാങ്കേതികത്വങ്ങളിൽ കുടുങ്ങി എത്തിക്കാനാകുന്നില്ല. ഇനിയും രണ്ട് വർഷമെങ്കിലും എടുത്തേക്കും തുറമുഖം നിർമ്മാണം പൂർത്തിയാക്കാൻ. സിൽവർ ലൈനിനാകട്ടെ പാറ മാത്രമല്ല, പാടങ്ങളും മറ്റും നികത്താനുള്ള ലോഡ് കണക്കിന് മണ്ണും വേണം. ഇത് കണ്ടെത്തുമ്പോൾ സംസ്ഥാനത്ത് പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.