ലഖ്‌നൗ- യുപിയിലെ ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ മണ്ഡലം സിറ്റിങ് എംഎല്‍എ രാധാ മോഹന്‍ അഗര്‍വാളിന് സമാജ് വാദി പാര്‍ട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്തു. സിറ്റിങ് എംഎല്‍എയെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെ എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് ബിജെപി എംഎല്‍എക്ക് പാര്‍ട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്തത്. അദ്ദേഹവുമായി ബന്ധപ്പെടാനും സംസാരിക്കാനും സഹായിച്ചാല്‍ തന്റെ പാര്‍ട്ടി സീറ്റ് നല്‍കുമെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. ഗൊരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 2002 മുതല്‍ എംഎല്‍എയാണ് രാധാ മോഹന്‍ അഗര്‍വാള്‍.
ബിജെപി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ അവഹേളിച്ച നേതാവാണ് അഗര്‍വാളെന്നും മുഖ്യമന്ത്രിയായ യോഗി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇരിക്കാന്‍ ഒരിടം പോലും ലഭിക്കാതെ നില്‍ക്കുകയായിരുന്നു അദ്ദേഹമെന്നും അഖിലേഷ് പറഞ്ഞു.
ബിജെപി വീട്ട് മൂന്ന് മന്ത്രിമാരും ആറ് എംഎല്‍എമാരും എസ്പിയില്‍ ചേര്‍ന്നതിനു പിന്നാലെ ഇനി ബിജെപിയില്‍ നിന്ന് ആരേയും എസ്പിയില്‍ എടുക്കില്ലെന്ന് അഖിലേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഗൊരഖ്പൂര്‍ എംഎല്‍എയുടെ കാര്യത്തില്‍ ഈ നിലപാട് മാറ്റാന്‍ അഖിലേഷ് തയാറായി.