ചാവക്കാട്- മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വിദ്യാർഥി പോലീസ് പിടിയിൽ. പഴുവിൽ എടക്കാട്ടുതറ വീട്ടിൽ മുഹമ്മദ് ഷഹീൻ ഷായെയാണ് (22) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഒരാഴ്ചയായി പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. 33 ഗ്രാം എം.ഡി.എം.എ സഹിതം തൃപ്രയാർ കിഴക്കെ നടയിൽ വച്ചാണ് ബൈക്കിലെത്തിയ ഇയാൾ അറസ്റ്റിലായത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് മയക്കുമരുന്നുകൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കെമിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായ പ്രതി ഇതിനു മുൻപും ലഹരി മരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്നതായാണ് വിവരം. ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വന്നിരുന്ന പോലീസ് സംഘം പല സ്ഥലങ്ങളിലായി കാത്തു നിന്ന് ബൈക്കിലെത്തിയ ഇയാളെ പിൻതുടർന്നു പിടി കൂടുകയായിരുന്നു.ബാംഗ്ലൂർ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇയാൾക്ക് മയക്കുമരുന്ന് ലഭിച്ച ആളുകളെ കുറച്ചും ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.