ഡെറാഡൂണ്‍- നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തരാഖണ്ഡില്‍ ബിജെപിക്കുള്ളില്‍ ഉള്‍പ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാരില്‍ മന്ത്രിയായ ഹരക് സിങ് റാവത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഹരകിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതായി കാണിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി ഗവര്‍ണര്‍ക്കും കത്തയച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മന്ത്രി ഹരകിനെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയത്.
തന്റെ പല ബന്ധുക്കള്‍ക്കും മത്സരിക്കാന്‍ സീറ്റിനു വേണ്ടി ഹരക് സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നുവെന്നും കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകുന്നതിന് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടുവെന്നുമാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ബിജെപി നേതൃത്വവുമായി ഹരക് നല്ല ബന്ധത്തിലല്ലെന്ന് ആഴ്ചകളായി അഭ്യൂഹമുണ്ടായിരുന്നു. ഇത് ഇല്ലാതാക്കാന്‍ ഹരകിനൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ ഡിന്നര്‍ കഴിക്കുന്ന ചിത്രം മുഖ്യമന്ത്രി ധാമി കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.
ഫെബ്രവുരി 14നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് ഫലമറിയും.