ന്യൂദല്‍ഹി- വ്യക്തിയുടെ സമ്മതം ഇല്ലാതെ നിര്‍ബന്ധിച്ച് ആരേയും കോവിഡ് വാക്‌സിന്‍ എടുപ്പിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഏതെങ്കിലും ആവശ്യത്തിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഒരു മാര്‍ഗനിര്‍ദേശവും ഇറക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് വീടുകളിലെത്തിച്ച് മുന്‍ഗണനാക്രമത്തില്‍ വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് വിശദീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നിര്‍ബന്ധ വാക്‌സിനേഷന്‍ നടപ്പാക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
മഹാമാരി സാഹചര്യത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപ്പാക്കിവരുന്നത് വിശാല പൊതുതാല്‍പര്യത്തിലാണ്. വ്യക്തികളുടെ സമ്മതം ഇല്ലാതെ നിര്‍ബന്ധപൂര്‍വം വാക്‌സിന്‍ എടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയോ ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെയോ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നില്ല- സര്‍ക്കാര്‍ വ്യക്തമാക്കി.