Sorry, you need to enable JavaScript to visit this website.

തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസ് പെട്രോൾ ഒഴിച്ചു കത്തിച്ചു

തലശ്ശേരി- വടക്കുമ്പാട് കൂളിബസാറിൽ കോൺഗ്രസ് ഓഫീസ് തീയിട്ടു. കൂളിബസാറിലെ കോൺഗ്രസ് ഓഫീസായി ഉപയോഗിക്കുന്ന യുവപ്രതിഭ ക്ലബിനാണ് ഇന്നലെ പുലർച്ചെ തീയിട്ടത്. ഓഫീസിനകത്തു പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഫർണിച്ചർ, ടി.വി, ഫയലുകൾ ഉൾപ്പെടെ ഓഫീസകത്തുണ്ടായിരുന്ന എല്ലാം കത്തിനശിച്ചു. 
പുറത്തെ ചുവരിൽ കരിയോയിൽ ഒഴിച്ച് വികൃതമാക്കി. 
ചുവരിൽ ഇത് ഇരന്നു വാങ്ങിയതാണെന്നു എഴുതിവെച്ചിട്ടുമുണ്ട്. തീപ്പിടിക്കുന്നത് കണ്ട് പരിസരവാസികൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ധർമ്മടം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. സംഭവ സ്ഥലത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി.
സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.
വീണ് കിട്ടിയ ധീരജ് കൊലപാതകം സി.പി.എം ആഘോഷമാക്കി മാറ്റുകയാണെന്നും ജില്ലയിലെ കോൺഗ്രസ് ഓഫീസിനും സ്തൂപങ്ങൾക്കും ബസ് ഷെൽട്ടറിനും നേരെ അക്രമം നടത്തുകയാണെന്നും സംഭവ സ്ഥലം സന്ദർശിച്ച ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. സമാധാനം നിലനിൽക്കുന്ന എരഞ്ഞോളി പ്രദേശത്തു വീണ്ടും കലാപം ഉണ്ടാക്കാനുള്ള സി.പി.എം ശ്രമത്തെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണെന്നും ഈ രീതിയിൽ സി.പി.എം മുന്നോട്ട് പോയാൽ ശക്തമായ നിലപാടുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേതാക്കളായ സജീവ് മാറോളി, ബ്ലോക്ക് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ, സുശീൽ ചന്ദ്രോത്ത്, എം.പി. സുധീർ ബാബു, അസീസ് വടക്കുമ്പാട്, എ.കെ. മെഹ്മൂദ്, മനോജ് നാലാംകണ്ഠത്തിൽ, സി.സി. രാമകൃഷ്ണൻ തുടങ്ങിയവർ സന്ദർശിച്ചു. 

Latest News