കൊച്ചി- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാൽസംഗ കേസിൽ പ്രോസിക്യൂഷന് വീഴ്ച്ച സംഭവിച്ചെന്ന് ഡോ. സെബാസ്റ്റിയൻ പോൾ. ബിഷപ്പ് കേസിൽ സംശയാതീതമായി കോടതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുവാൻ പരാതിക്കാരിയായ കന്യാസ്ത്രീക്ക് കഴിഞ്ഞിട്ടില്ല. അപ്പീൽ കോടതിയിൽ പരിഹരിക്കാവുന്ന ന്യൂനതകളല്ല വിചാരണക്കോടതിയുടെ വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്നും അതിനാൽ തുടർ നടപടികൾ എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സെബാസ്റ്റിയൻ പോൾ പറഞ്ഞു.
പൊതുസമൂഹം ആഗ്രഹിക്കുന്ന രീതിയിൽ വിധി പറയുവാൻ കോടതിക്ക് കഴിയില്ല. പൂർണമായും നിയമത്തിന്റെ ആനുകൂല്യങ്ങൾ സ്ത്രീകൾക്ക് കൊടുത്താൽ ശരിയായ രീതിയിൽ നിയമം സംരക്ഷിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. പരാതിക്കാരിക്കൊപ്പം എപ്പോഴും കോടതി നിൽക്കണമെന്ന് ഒരു നിയമത്തിലും പറയുന്നില്ല. കോടതിക്ക് പ്രധാനം മൊഴികളും, തെളിവുകളുമാണ്. സ്ത്രീകൾ നുണ പറയില്ലെന്ന് എങ്ങനെ പറയാൻ കഴിയും. തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകൾ കള്ളം പറയില്ലെന്ന് പറയാൻ കഴിയില്ല. അവർ സത്യം മാത്രമേ പറയൂ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ആ സംശയമാണ് കോടതിക്ക് ഉണ്ടായതെന്നും സെബാസ്റ്റ്യൻ പോൾ പറയുന്നു.