ലോസാഞ്ചലസ്- യുഎസിലെ ലോസാഞ്ചലസില്‍ ആമസോണ്‍, ഫെഡെക്‌സ്, ടാര്‍ഗെറ്റ്, യുപിഎസ് തുടങ്ങിയ കമ്പനികളുടെ പാഴ്‌സലുകള്‍ കാര്‍ഗോ ട്രെയ്‌നുകളില്‍ കൊള്ളയടിക്കുന്നത് പതിവ് സംഭവമാകുന്നു. നീളമേറിയ കാര്‍ഗോ ട്രെയ്‌നുകളുടെ സ്റ്റോപ്പുകള്‍ മുതലെടുത്താണ് മോഷ്ടാക്കളുടെ വളിയാട്ടം. ട്രാക്കില്‍ നിര്‍ത്തിയിടുന്ന സമയത്ത് ട്രെയ്‌നിലെ കണ്ടെയ്‌നറുകളില്‍ കയറി പൂട്ടുകള്‍ അനായായം പൊളിച്ചാണ് കൊള്ള. നിരവധി പേര്‍ ഓണ്‍ലൈനായി പര്‍ചേസ് ചെയ്തതും കുറിയര്‍ ചെയ്തതുമായ പാഴ്‌സലുകള്‍ പെട്ടി പൊളിച്ച് മോഷ്ടിച്ച ശേഷം കാലിപ്പെട്ടികള്‍ ട്രാക്കില്‍ തള്ളുകയാണ് മോഷ്ടാക്കള്‍ ചെയ്യുന്നത്. ഇങ്ങനെ നൂറുകണക്കിന് പൊളിച്ച പാഴ്‌സല്‍ പൊതികളും പെട്ടികളുമാണ് ട്രാക്കില്‍ നിറയെ. പാഴ്‌സലുകളിലേറെയും കോവിഡ് ടെസ്റ്റ് കിറ്റുകള്‍, ഫര്‍ണിച്ചറുകള്‍, മരുന്നുകള്‍ എന്നിവയാണ്.
ലോസാഞ്ചലസ് കൗണ്ടിയില്‍ 2020 ഡിസംബറിനു ശേഷം ഈ ട്രെയ്ന്‍ പാഴ്‌സല്‍ മോഷണം 160 ശതമാനം വര്‍ധിച്ചതായി റെയില്‍ നടത്തിപ്പു കമ്പനിയായ യൂനിയന്‍ പസഫിക് പറയുന്നു. 2021 ഒക്ടോബറില്‍ മാത്രം 356 ശതമാനമാണ് വര്‍ധന. ട്രെയ്‌നുകളില്‍ ജോലിക്കാരായ യൂനിയന്‍ പസഫിക് ജീവനക്കാരെ ആക്രമിച്ചാണ് സായുധരായ കൊള്ളക്കാരുടെ ഈ പകല്‍ക്കൊള്ള. ക്രിസ്മസ് ഷോപ്പിങ് സീസണില്‍ ഈ കൊള്ള കുത്തനെ കൂടിയിരുന്നു. 2021 അവസാന പാദത്തില്‍ ഒരോ ദിവസവും ശരാശരി 90 ശതമാനം കണ്ടെയ്‌നറുകളും മോഷ്ടാക്കള്‍ നശിപ്പിച്ചതായാണ് റെയില്‍വേ കമ്പനി പറയുന്നത്. ഇതു തടയാന്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിച്ചും ഡ്രോണുകളും ഡിറ്റക്ഷന്‍ സംവിധാനങ്ങള്‍ വിന്യസിച്ചും നടപടികള്‍ സ്വീകരിച്ചു വരികയാണ് കമ്പനി.