Sorry, you need to enable JavaScript to visit this website.

പീസ ഓര്‍ഡര്‍ ചെയ്ത് നഷ്ടമായ പണം വീണ്ടെടുക്കാന്‍ ശ്രമിച്ച സ്ത്രീയെ വഞ്ചിച്ച് 11 ലക്ഷം രൂപ തട്ടി

മുംബൈ- ഓണ്‍ലൈനായി പീസയും ഡ്രൈ ഫ്രൂട്ട്‌സും  വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ ശ്രമിച്ച മുംബൈ അന്ധേരി സ്വദേശിനിയെ വഞ്ചിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ 11 ലക്ഷം രൂപ തട്ടിയെടുത്തു. ഇവര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇവര്‍ പീസയും ഡ്രൈ ഫ്രൂട്ട്‌സും ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ച് 9,999 രൂപ നഷ്ടപ്പെട്ടത്. ഫോണില്‍ ഓണ്‍ലൈനായി പേമെന്റ് നടത്തുന്നതിനിടെയാണ് പണം പോയത്. പിന്നീട് ഒക്ടോബറിലും സമാന രീതിയില്‍ ഓണ്‍ലൈന്‍ ഇടപാടിനിടെ 1496 രൂപ നഷ്ടപ്പെട്ടു. ഈ പണം തിരിച്ചു പിടിക്കാനുള്ള വഴികള്‍ തിരയുന്നതിനിടെ ഗൂഗ്‌ളില്‍ നിന്ന് ലഭിച്ച നമ്പറില്‍ സ്ത്രീ ബന്ധപ്പെട്ടു. ഇത് തട്ടിപ്പുകാരുടെ നമ്പറായിരുന്നു. സ്ത്രീയുടെ കോള്‍ ലഭിച്ച തട്ടിപ്പുകാര്‍ പണം വീണ്ടെടുക്കാന്‍ അവരെ സഹായിക്കാമെന്ന ഉറപ്പു നല്‍കുകയും അത് അവര്‍ വിശ്വസിക്കുകയും ചെയ്തു. 

തട്ടിപ്പുകാര്‍ പറഞ്ഞ ഒരു ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തതാണ് വിനയായത്. ഇതോടെ തട്ടിപ്പുകാര്‍ക്ക് സ്ത്രീയുടെ മൊബൈലിന്റെ പൂര്‍ണ നിയന്ത്രണം ലഭിച്ചു. ഇക്കാര്യം സ്ത്രീ അറിയുന്നുണ്ടായിരുന്നില്ല. ഫോണില്‍ നിന്നാണ് തട്ടിപ്പുകാര്‍ സ്ത്രീയുടെ പാസ്വേഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മോഷ്ടിച്ചത്. ഇതുപയോഗിച്ച് തട്ടിപ്പുകാര്‍ സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നവംബര്‍ 14നും ഡിസംബര്‍ ഒന്നിനുമിടയില്‍ 11.78 ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. മൂന്ന് തവണ പണം നഷ്ടമായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് സ്ത്രീ തിരിച്ചറിഞ്ഞത്. സമ്പാദ്യമെല്ലാം നഷ്ടമായതോടെ സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Latest News