Sorry, you need to enable JavaScript to visit this website.

അസിം പ്രേംജിക്കെതിരെ ഒരേ ആരോപണവുമായി പല കേസുകള്‍ നല്‍കിയ രണ്ട് അഭിഭാഷകരെ ഹൈക്കോടതി ശിക്ഷിച്ചു

ബെംഗളുരു- ബഹുരാഷ്ട്ര ഐടി കമ്പനിയായ വിപ്രോ സ്ഥാപക ചെയര്‍മാനും ഇന്ത്യയില്‍ ഏറ്റവും പണം ദാനം ചെയ്യുന്ന സമ്പന്നരില്‍ ഒന്നാമനുമായ അസിം പ്രേംജിക്കെതിരെ ഒരേ ആരോപണം ഉന്നയിച്ച് നിരന്തരം നിരവധി കേസുകള്‍ നല്‍കിയതിന് രണ്ട് അഭിഭാഷകരെ കര്‍ണാടക ഹൈക്കോടതി ശിക്ഷിച്ചു. ഇന്ത്യ അവേക്ക് ഫോര്‍ ട്രാന്‍സ്പരന്‍സി എന്ന സന്നദ്ധ സംഘടനയ്ക്കു വേണ്ടി പ്രേംജിക്കെതിരെ നിരവധി ഹര്‍ജികളുമായി കോടതികളെ സമീപിച്ച അഭിഭാഷകരായ ആര്‍ സുബ്രമണ്യന്‍, പി സദാനന്ദ് എന്നിവരെയാണ് ക്രിമിനല്‍ കോടതിയലക്ഷ്യ കുറ്റം ചുമത്തി ഹൈക്കോടതി രണ്ടു മാസം തടവിനു ശിക്ഷിച്ചത്. രണ്ടായിരം രൂപ പിഴയുമിട്ടു. അസിം പ്രേംജിക്കും അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികള്‍ക്കുമെതിരെ നിയമനടപടികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് രണ്ടു പേരേയും കോടതി വിലക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ബി വീരപ്പ, കെ എസ് ഹേമലേക എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചാണ് ഇവര്‍ ഈ സന്നദ്ധ സംഘടനയ്ക്കു വേണ്ടി അസിം പ്രേംജിക്കെതിരെ നിരന്തരം കേസുകള്‍ നല്‍കിയിരുന്നത്. ഇതില്‍ കാമ്പില്ലെന്നും കണ്ടെത്തിയ കോടതി അഭിഭാഷകര്‍ക്ക് നേരത്തെ താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഒരേ പരാതി ഉന്നയിച്ചുള്ള എല്ലാ റിട്ട് ഹര്‍ജികളും തള്ളിക്കളഞ്ഞിട്ടും ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടും ഇതു വകവയ്ക്കാതെ വീണ്ടും ഇതേ ബാലിശമായ കേസുകളുമായി വന്നത് കോടതിയേയും ജുഡീഷ്യല്‍ സംവിധാനത്തേയും അവഹേളിക്കലാണ്. ഇത് കോടതിയുടെ സമയം പാഴാക്കലും കോടതി നടപടികളെ കൊഞ്ഞനം കുത്തലുമാണ്. അതിനാല്‍ ഇത് ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്നും ഡിസംബര്‍ 23ന് കോടതി പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. 

അസിം പ്രേംജിക്കും മറ്റുള്ളവര്‍ക്കുമെതിരെ ഇതേ കേസുമായി നിരവധി ഹര്‍ജികളുമായി വന്നതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ അവേക്ക് ഫോര്‍ ട്രാന്‍സ്പരന്‍സി എന്നി സന്നദ്ധ സംഘടനയ്ക്ക് ഹൈക്കോടതി 10 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. 


 

Latest News