ചണ്ഡീഗഢ്- പഞ്ചാബില്‍ ഫെബ്രുവരി 14ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഗ മണ്ഡലത്തില്‍ മത്സരിക്കാന്‍ നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയതിനെ തുടര്‍ന്ന് സിറ്റിങ് എംഎല്‍എ ഹര്‍ജോത് കമല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ചണ്ഡീഗഢിലെ ബിജെപി കാര്യാലയത്തിലെത്തിയാണ് കമല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സീറ്റ് നിഷേധിച്ചത് തന്നോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ മോഗയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത് അപമാനിക്കുന്ന നടപടിയായെന്നും അദ്ദേഹം പറഞ്ഞു. മോഗയില്‍ സന്ദര്‍ശനത്തിനെത്തിയ പാര്‍ട്ടി അധ്യക്ഷന്‍ നവജോത് സിദ്ദു തന്റെ വീട്ടില്‍ വരാതെ മാളവിക സൂദിന്റെ വീട്ടിലേക്കാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനു സൂദിന്റെ സഹോദരി മാളവിക തിങ്കളാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സോനുവിന്റെ സഹോദരിയെ മത്സരിപ്പിക്കുന്നതിലോ സോനുവിനെ തന്നെ മത്സരിപ്പിക്കുന്നതിലോ തനിക്ക് ഒരു പരാതിയുമില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് എനിക്ക് മോഗയില്‍ സീറ്റ് തരാത്തതാണ് പ്രശ്‌നമെന്നും കമല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസില്‍ തുടങ്ങി 21 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന് വേരോട്ടമില്ലാതിരുന്ന മോഗയില്‍ ശിരോമണി അകാലിദളിനോട് പൊരുതി കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കാന്‍ കഠിനാധ്വാനം ചെയ്ത ആളാണ് താനെന്നും കമല്‍ പറഞ്ഞു.