എട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. '8 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാവുന്ന മോട്ടോര്‍ വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി, കുറഞ്ഞത് 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നതിനുള്ള കരട് ജിഎസ്ആര്‍ വിജ്ഞാപനത്തിന് താന്‍ അംഗീകാരം നല്‍കിയതായി' കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റില്‍ പറഞ്ഞു.
2019 ജൂലായ് 1 മുതല്‍ ഡ്രൈവര്‍ എയര്‍ബാഗും 2022 ജനുവരി 1 മുതല്‍ മുന്‍വശത്തിരിക്കുന്ന സഹയാത്രികര്‍ക്കുള്ള എയര്‍ബാഗും മന്ത്രാലയം ഇതിനോടകം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഗഡ്കരി ട്വീറ്റില്‍ വ്യക്തമാക്കി. മുന്‍വശത്ത് നിന്നും മറ്റ് വശങ്ങളില്‍ നിന്നുമുള്ള കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാന്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഇരിക്കുന്ന യാത്രക്കാരില്‍ എം1 വാഹന വിഭാഗത്തില്‍ 4 അധിക എയര്‍ബാഗുകള്‍ കൂടി നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതോടെ മുന്‍ സീറ്റുകളിലും പിന്‍ സീറ്റുകളിലും ഇരിക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കും.