കൊച്ചി- ശുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എന്തുകൊണ്ടാണ് ഇത്രദിവസമായിട്ടും ആയുധം കണ്ടെടുക്കാനാകാത്തത്് എന്ന് ചോദിച്ച കോടതി, കേസിൽ പിടയിലായ പ്രതി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന സെൽഫിയുണ്ടല്ലോ എന്നും ചോദിച്ചു. ഒരു വിദ്യാർഥി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രമുണ്ടല്ലോ എന്ന് ചിത്രം ഉയർത്തിക്കാട്ടി കോടതി ചോദിച്ചു. പോലീസിനകത്ത് ചാരൻമാരുണ്ടെന്ന ആരോപണം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും ശുഹൈബ് വധത്തിൽ പങ്കുണ്ടെന്ന് ശുഹൈബിന്റെ കുടുംബം പരാതിയിൽ ആരോപിച്ചു.