ന്യൂദല്‍ഹി- ഇന്ത്യയിലേക്ക് പറന്നുയരുന്നതിനിടെ രണ്ട് എമിറേറ്റ്‌സ് വിമാനങ്ങള്‍ ഒരേസമയം ഒരു റണ്‍വേയില്‍ നേര്‍ക്കുനേര്‍ പാഞ്ഞടുത്തു. കൃത്യസമയത്ത് അപകടം തിരിച്ചറിഞ്ഞ് ഒരു വിമാനം ടേക്ക് ഓഫ് ഉപേക്ഷിച്ചതോടെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ വന്‍ ദുരന്തം വഴിമാറി. മറ്റൊരു വിമാനം സുരക്ഷിതമായി പറന്നുയര്‍ന്നു. നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ അപകടത്തിന്റെ വക്കോളമെത്തിയ സംഭവം ഞായറാഴ്ച (ജനുവരി 9) ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഉണ്ടായത്.
ദുബായില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള എമിറേറ്റ്‌സ് ഇകെ-524 വിമാനവും ദുബായില്‍ നിന്ന് ബെംഗളുരുവിലേക്കുള്ള എമിറേറ്റ്‌സ് ഇകെ-568 വിമാനവുമാണ് ഒരു റണ്‍വേയില്‍ വന്‍ കൂട്ടിയിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഹൈദരാബാദ് വിമാനം രാത്രി 9.45ന് ടേക്ക് ഓഫിനായി ഷെഡ്യൂള്‍ ചെയ്തതായിരുന്നു. എമിറേറ്റ്‌സിന്റെ ഷെഡ്യൂള്‍ പ്രകാരം അഞ്ചു മിനിറ്റ് ഇടവേളയാണ് രണ്ടു വിമാനത്തിന്റേയും ടേക്ക് ഓഫിനിടയില്‍ ഉള്ളത്. എന്നാല്‍ രണ്ടു വിമാനങ്ങളം ഒരേ സമയം റണ്‍വേയിലെത്തി. ദുബായ്-ഹൈദരാബാദ് വിമാനം റണ്‍വേ 30ആറില്‍ ടേക്ക് ഓഫിനായി ആക്‌സിലറേറ്റ് ചെയ്തു കൊണ്ടിരിക്കുമ്പാഴാണ് ഇതേ ദിശയില്‍ നിന്ന് മറ്റൊരു വിമാനം അതിവേഗതയില്‍ പാഞ്ഞടുക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) ടേക്ക് ഓഫ് ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിമാനം വേഗത കുറച്ച് റണ്‍വേയില്‍ നിന്ന് സുരക്ഷിതമായി മാറ്റി നല്‍കുകയായിരുന്നുവെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു.
ബംഗളുരുവിലേക്കുള്ള വിമാനം സുരക്ഷിതമായി ടേക്ക് ഓഫ് ചെയ്തു. ഹൈദരാബാദ് വിമാനം പിന്നീട് ടാക്‌സി ബേയിലേക്ക് മാറ്റുകയും അല്‍പ്പ സമയം കഴിഞ്ഞതിന് ശേഷം പറന്നുയരുകയും ചെയ്തു. സംഭവത്തെ കുറിച്ച് യുഎഇയുടെ ഏവിയേഷന്‍ അന്വേഷണ ഏജന്‍സിയായ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം എമിറേറ്റ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ടെന്നും വക്താവ് പറഞ്ഞു.