കോട്ടയം- ബിഷപ്പ് ഫ്രാങ്കോയെ കുറ്റമുക്തനാക്കിയ കോടതി വിധി ഞെട്ടിച്ചുവെന്നും സങ്കടപ്പെടുത്തിയെന്നും ഇരയായ കന്യാസ്ത്രീയുടെ പ്രതിനിധികൾ. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അവർ. കേസിൽ അപ്പീൽ പോകുമെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. സിസ്റ്റർക്ക് നീതി ലഭിക്കുന്നത് വരെ പോരാടും. ബിഷപ്പ് ഫ്രാങ്കോയുടെ പണവും സ്വാധീനവുമാണ് കേസ് അവർക്ക് അനുകൂലമാകാൻ കാരണം. ഞങ്ങളുടെ കൂടെ നിന്ന മുഴുവൻ മനുഷ്യർക്കും നന്ദി പറയുന്നുവെന്നു ഇടറിയ വാക്കുകളിൽ സിസ്റ്റർ പറഞ്ഞു. പണവും സ്വാധീനവും ഉള്ളവർക്ക് അനുകൂലമായി എന്തും ലഭിക്കുന്നുവെന്നും വിധി ഞെട്ടിച്ചുവെന്നും സിസ്റ്റർ ആവർത്തിച്ചു. പോലീസും പ്രോസിക്യൂട്ടറും നല്ല രീതിയിലാണ് കേസിനെ സമീപിച്ചത്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അന്വേഷണ സംഘത്തെ വിശ്വാസമാണെന്നും എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. അപ്പീൽ പോകുമെന്ന കാര്യം ഉറപ്പാണെന്നും അവർ പറഞ്ഞു. കന്യാസ്ത്രീ മഠത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ പുറത്തുപറയാൻ പോലും പറ്റാത്തതാണന്നും മരിക്കാൻ കൂടി തയ്യാറായാണ് പോരാട്ടത്തിന് ഇറങ്ങുന്നതെന്നും സിസ്റ്റർ പറഞ്ഞു.