കോഴിക്കോട്- മതം മാറി രാമസിംഹന് എന്ന് പേര് സ്വീകരിച്ച സംവിധായകന് അലി അക്ബറിന്റെ മതംമാറ്റ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഹിന്ദു സേവാ കേന്ദ്രം നേതാവ് പ്രതീഷ് വിശ്വനാഥ് ആണ് ചടങ്ങിന്റെ ചിത്രമടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
2021 ഡിസംബറിലാണ് മതം മാറുകയാണെന്നും ഇനി മുതല്‍ താനും കുടുംബവും ഹിന്ദുക്കളായിരിക്കുമെന്നും അലി അക്ബര്‍ പറഞ്ഞത്. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തീര്‍ത്തും വ്യക്തിപരമായിട്ടാണ് തീരുമാനമെടുത്തത്. ഇതിന്റെ പിന്നില്‍ യാതൊരു രാഷ്ട്രീയവുമില്ല. മുസ്്ലിമായി നിന്നാല്‍ യാതൊരു ആനുകൂല്യവും ബി.ജെ.പിയില്‍ നിന്ന് കിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ മതം മാറുന്നത് എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. ഇതൊന്നും ശരിയല്ല. അങ്ങനെയെങ്കില്‍ ഞാന്‍ ലീഗിലേക്കല്ലേ പോവേണ്ടിയിരുന്നതെന്നും ഹിന്ദുവിലേക്ക് മാതം മാറുകയല്ലല്ലോ വേണ്ടതെന്നും അലി അക്ബര്‍ ചോദിച്ചു. ഞാനിപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയത്തിന്റേയോ മറ്റോ ഭാഗമല്ല. ശിഷ്ടകാലം ഇങ്ങനെയൊക്കെയങ്ങ് പോവണം. ആരോപണവുമായി വരുന്നവര്‍ അങ്ങനെ പറഞ്ഞ് തീര്ക്കട്ടെയന്നും അലി അക്ബര്‍ ചൂണ്ടിക്കാട്ടി.