ലഖ്‌നൗ- ഏറെ കോളിളക്കം സൃഷ്ടിച്ച യുപിയിലെ ഉന്നാവ് പീഡനക്കേസ് ഇരയുടെ അമ്മയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സന്‍ഗറിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ ആശ സങ് ആണ് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ഇടം നേടിയത്. ആദ്യ പട്ടികയിലെ 125 പേരില്‍ 50 പേരും വനിതകളാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പട്ടിക പ്രഖ്യാപിച്ചത്. പീഡനത്തിനും അക്രമത്തിനും ഇരയാകുന്നവരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ഉണ്ടെന്ന് പുതിയ സന്ദേശമാണ് ഈ പട്ടിക നല്‍കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ലഡ്കി ഹൂ... ലഡ് സക്തി ഹൂ... (ഞാന്‍ പെണ്‍കുട്ടിയാണ്, പൊരുതാന്‍ കഴിയും) എന്ന മുദ്രാവാക്യവുമായി പുതിയ സ്ത്രീ-കേന്ദ്രീകൃത പ്രചരണം ഈയിടെ കോണ്‍ഗ്രസ് യുപിയില്‍ തുടങ്ങിയിരുന്നു. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളില്‍ 40 ശതമാനം സ്ത്രീകള്‍ക്കാണെന്നും പ്രിയങ്ക ആവര്‍ത്തിച്ചു.
2017ലെ ഉന്നാവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ഇപ്പോള്‍ ജയിലിലാണ്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു പുറമെ ഇതു പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയുടെ കുടുംബത്തെ തന്നെ തീര്‍ക്കാന്‍ ഈ ബിജെപി നേതാവ് ഗൂഢാലോചന നടത്തിയതായും തെളിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസിലും പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളെ വാഹനമിടിപ്പിച്ച് കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്.