Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ടെത്തിയത് 100 കുഴിബോംബുകള്‍, രക്ഷിച്ചത്  നിരവധി ജീവനുകള്‍; ഹീറോ എലിയ്ക്ക് വിട

ഫ്‌നോം പെന്‍, കംബോഡിയ-വീട്ടിലെത്തുന്ന എലികളെ ശല്യക്കാരായി കാണുന്നവരാണ് എല്ലാവരും. എന്താണ് ഒരു എലിയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിഗണന കംബോഡിയയില്‍ നിരവധി പേരുടെ മരണത്തിന് ഇടയാക്കുമായിരുന്ന നൂറോളം മൈനുകള്‍ കണ്ടെത്തി സ്വര്‍ണ മെഡല്‍ നേടിയ മഗാവ എന്ന എലി എട്ടാം വയസില്‍ അന്ത്യശ്വാസം വലിച്ചു.
ബെല്‍ജിയന്‍ സന്നദ്ധസംഘടനയായ അപോപോയാണ് മണ്ണിനടിയില്‍ കുഴിച്ചിട്ട മൈനുകള്‍ കണ്ടെത്തി ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറാന്‍ മഗാവയെ പരിശീലിപ്പിച്ചത്. കുഴിബോംബുകള്‍ കണ്ടെത്താനായി സംഘടന പരിശീലിപ്പിച്ച എലികളില്‍ ഏറ്റവും സമര്‍ത്ഥനായിരുന്നു മഗാവ. അഞ്ച് വര്‍ഷം നീണ്ട സേവനത്തിനിടെ കംബോഡിയയില്‍ നൂറോളം കുഴിബോംബുകളാണ് മഗാവ കണ്ടെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഗാവ കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്രമത്തിലായിരുന്നു. ആഫ്രിക്കന്‍ ജയന്റ് പൗച്ച് ഇനത്തില്‍പ്പെട്ട മഗാവ എലി രണ്ട് ദിവസം മുന്‍പ് മരിച്ചതായി സന്നദ്ധ സംഘടന സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച വരെ അഗാവ ഉത്സാഹത്തോടെ കളികളില്‍ ഏര്‍പ്പെടുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ ശനിയാഴ്ചയോടു കൂടി എലി ക്ഷീണിതനായെന്നും സംഘടന അറിയിച്ചു. കൂടുതല്‍ സമയവും ഉറങ്ങിയ മഗാവ ഭക്ഷണത്തോടും താത്പര്യം കാണിച്ചില്ല. മഗാവയുടെ മരണം സമാധാനപൂര്‍ണമായിരുന്നുവെന്നും സന്നദ്ധസംഘടന വ്യക്തമാക്കി.
ടാന്‍സാനിയയില്‍ വെച്ച് ബ്രീഡ് ചെയ്ത മഗാവയെ ഒരു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് കുഴിച്ചിട്ട ബോംബുകള്‍ കണ്ടെത്താനായി കംബോഡിയയില്‍ എത്തിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കംബോഡിയയില്‍ ഏകദേശം 60 ലക്ഷത്തോളം കുഴിബോംബുകളുണ്ടെന്നാണ് കരുതപ്പെടുന്നത്. മൈനുകളിലുള്ള രാസവസ്തുക്കള്‍ മണത്തു കണ്ടെത്താനായിരുന്നു മഗാവയ്ക്ക് പരിശീലനം നല്‍കിയത്. 15 ലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് കുഴിച്ചിട്ടിരുന്ന ലാന്‍ഡ് മൈനുകള്‍ മുഴുവനായി കണ്ടെത്താന്‍ മഗാവയ്ക്ക് സാധിച്ചു.
മനുഷ്യരെക്കാള്‍ എലികള്‍ക്ക് വളരെ ഭാരം കുറവാണെന്നതിനാല്‍ മൈനുകള്‍ കണ്ടെത്താന്‍ എലികളാണ് കൂടുതല്‍ സുരക്ഷിതം. മനുഷ്യര്‍ക്ക് ഭാരം കൂടുതലുള്ളതിനാല്‍ കുഴിച്ചിട്ട മൈനുകളില്‍ അറിയാതെ ചവിട്ടിയാല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ 1200 ഗ്രാം മാത്രം ഭാരമുള്ള മഗാവയ്ക്ക് മൈനുകള്‍ കുഴിച്ചിട്ട പ്രദേശത്തു കൂടി സുരക്ഷിതനായി നടക്കാനാകും. 20 മിനിട്ടിനുള്ളില്‍ ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പത്തിലുള്ള സ്ഥലം മുഴുവനായും പരിശോധിക്കാനും മൈനുകള്‍ കണ്ടെത്താനും മഗാവയ്ക്ക് കഴിഞ്ഞിരുന്നു. ഇതേസ്ഥലം മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ ഒരു മനുഷ്യനു പരിശോധിക്കാന്‍ നാലു ദിവസം വരെ വേണ്ടി വരും.
മഗാവയുടെ വിശിഷ്ടസേവനത്തിനുള്ള ആദരവായി കഴിഞ്ഞ വര്‍ഷം പിഡിഎസ്എ സ്വര്‍ണ മെഡലും നേടിയിരുന്നു. സംഘടനയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മൃഗത്തിന് ഈ അവാര്‍ഡ് നല്‍കുന്നത്. പ്രായമായതോടെ മഗാവയ്ക്ക് ജോലിയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ജോലിയില്‍ നിന്ന് വിരമിക്കുകയായിരുന്നു. മഗാവ ചെയ്ത മഹത്തായ സേവനത്തിന് നന്ദിയുണ്ടെന്നും മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും അപോപോ പ്രസ്താവനയില്‍ അറിയിച്ചു. മഗാവയുടെ മണം പിടിക്കാനുള്ള അപാരമായ ശേഷിയാണ് കംബോഡിയയിലെ പല ഗ്രാമങ്ങളിലും പ്രാണഭയമില്ലാതെ ജനങ്ങള്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനും കളിക്കാനും ധൈര്യം നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.
 

Latest News