ന്യൂദല്‍ഹി- ഹരിദ്വാറിലും ദല്‍ഹിയിലും നടന്ന ഹിന്ദു മത സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷപരമായി ചിലര്‍ പ്രസംഗിച്ച സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ദല്‍ഹി പോലീസിനും നോട്ടീസ് അയച്ചു. മറുപടി നല്‍കാന്‍ 10 ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ജനുവരി 23ന് യുപിയിലെ അലിഗഢില്‍ നടക്കാനിരിക്കുന്ന സമാന മത സമ്മേളനം തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തിനായി പ്രാദേശിക അധികാരികളെ സമീപിക്കാനാണ് ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പട്‌ന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ്, ദല്‍ഹി സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇവര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ഹാജരായി.
ഡിസംബര്‍ 17, 19 തീയതികളിലാണ് ദല്‍ഹിയിലും ഹരിദ്വാറിലും വിവാദ മത സമ്മേളനം നടന്നത്. ഇവിടെ പ്രസംഗിച്ച ഹിന്ദു മത നേതാക്കള്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയവരില്‍ ഒരാള്‍ പോലീസ് ഓഫീസര്‍ക്കൊപ്പം സൗഹൃദം പങ്കിടുന്നതും അവര്‍ നമുക്കൊപ്പം ഉണ്ടാകുമെന്നു പറയുകയം ചെയ്യുന്ന വിഡിയോയും പുറത്തു വന്നിരുന്നു. പരസ്യമായി വംശഹത്യ ആഹ്വാനം നടത്തിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.