ലഖ്‌നൗ- തന്റെ രാജി ബിജെപിയില്‍ ഭൂകമ്പം ഉണ്ടാക്കിയെന്ന് യുപി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച സ്വാമി പ്രസാദ് മൗര്യ. താന്‍ ഇതുവരെ ബിജെപി വിട്ടിട്ടില്ലെന്നും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരും എംഎല്‍എമാരും തന്റെ കൂടെ വരുമെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ മന്ത്രി പദവിയാണ് രാജിവച്ചത്. വൈകാതെ ബിജെപിയും വിടും. ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുന്നില്ല'- മൗര്യ വ്യക്തമാക്കി. അടുത്ത നീക്കം സംബന്ധിച്ച് വെള്ളിയാഴ്ച മൗര്യ സുപ്രധാന പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. ഇന്നും നാളെയുമായി എന്റെ ജനങ്ങളെ കാണുകയാണ്. അടുത്ത രാഷ്ട്രീയ നീക്കം വെള്ളിയാഴ്ച വെളിപ്പെടുത്തും. ആരൊക്കെ എന്റെ കൂടെ വരുമെന്നും ഞാന്‍ വൈകാതെ പറയാം- എസ് പി മൗര്യ പറഞ്ഞു.
താന്‍ ബിജെപിയെ ഉപേക്ഷിച്ചെന്നും ഇനിയൊരിക്കലും തിരിച്ചുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജിക്കത്ത് മൗര്യ ട്വീറ്റ് ചെയ്തതിനു പിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതോടെയാണ് മൗര്യ എസ്പിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹം പരന്നത്.