Sorry, you need to enable JavaScript to visit this website.

രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാന്‍ അമ്മപ്പുലി എത്തിയില്ല

പാലക്കാട്- അകത്തേത്തറ ഉമ്മിനിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് രണ്ടുദിവസംമുമ്പ് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി അമ്മപ്പുലി എത്തിയില്ല. പുലിയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങാതെയാണ്, കൂട്ടിനകത്തുവെച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളിലൊന്നിനെ തിങ്കളാഴ്ച രാത്രി കൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ ഇന്നലെ കൂട്ടില്‍ വെച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ വരെ അമ്മപ്പുലി എത്തിയില്ലെന്ന് വനംവകുപ്പ് അധികൃതര്‍ മനസ്സിലാക്കുന്നത്.

തുടര്‍ന്ന് അധികൃതര്‍ രാവിലെ അഞ്ചരയോടെ എത്തി കുട്ടിപ്പുലിയെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് വീണ്ടും കുട്ടിപ്പുലിയെ കൂടിനകത്ത് വെച്ചേക്കും. ചൊവ്വാഴ്ച പുലിയുടെ സാന്നിധ്യം കൂടിന് സമീപത്ത് ഉണ്ടായിരുന്നോ എന്നത് ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ ഡി.എഫ്.ഒ എത്തി പരിശോധിച്ച ശേഷമേ വ്യക്തമാകൂ.

ഞായറാഴ്ച മുതല്‍ നാട്ടില്‍ കാണപ്പെട്ട പുലി നാട്ടുകാരുടെ ഉറക്കംകെടുത്തുകയാണ്. ഇനിയും വനംവകുപ്പിന് പുലിയെ പിടികൂടാനാവാത്തതില്‍ ആശങ്കയിലായിരിക്കയാണ് നാട്ടുകാര്‍.

ഉമ്മിനി-പപ്പാടി റോഡിലുള്ള മാധവന്‍ എന്നയാളുടെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.

ആഴ്ചകള്‍ മാത്രം പ്രായമായ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയ ഈസ്ഥലത്ത്, അമ്മപ്പുലിയുണ്ടെന്നും അന്ന് രാത്രിതന്നെ സ്ഥിരീകരിച്ചിരുന്നു. ഉമ്മിനി സ്‌കൂളിലേക്ക് പോകുന്ന കുട്ടികളടക്കം യാത്രചെയ്യുന്ന റോഡരികിലാണ് പുലിയെ കണ്ടെത്തിയ വീടുള്ളത്. മക്കളെ നഷ്ടപ്പെട്ട പുലി ഈ വീടിന് പിറകുവശത്തുള്ള റബര്‍ എസ്റ്റേറ്റിലേക്ക് പോയതായാണ് കരുതുന്നത്.

 

Latest News